തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ശബരിമലയിൽ മണ്ഡലകാല ദർശനം അനുവദിക്കും. തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവു വരുത്തി ദർശനം അനുവദിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ധാരണയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു പറഞ്ഞു. നിയന്ത്രണങ്ങൾ സംബന്ധിച്ച് വിശദമായ രൂപരേഖ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി.
തുലാമാസ പൂജയ്ക്കും പരിമിത എണ്ണം തീർഥാടകർക്ക് ദർശനം അനുവദിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രമേ ദർശനം അനുവദിക്കു. വെർച്ചൽ ക്യൂ വഴിയാവും തീർഥാടകരെ പ്രവേശിപ്പിക്കുക. തീർഥാടകരെ സന്നിധാനത്ത് കൂടുതൽ സമയം തങ്ങാൻ അനുവദിക്കില്ല. നടപ്പന്തലിൽ വിരിവയ്ക്കാൻ അനുമതി ഉണ്ടാവില്ല. രോഗമുള്ളവർ പ്രവേശിക്കാതിരിക്കാൻ പമ്പയിലോ നിലയ്ക്കലിലോ ആന്‍റിജൻ ടെസ്റ്റ് നടത്തണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. ഇതരസംസ്ഥാന തീർഥാടകർക്ക് വിലക്കില്ല. തുലാമാസ പൂജയ്ക്ക് മുൻപ് പമ്പ നിലയ്ക്കൽ റോഡിന്‍റെ പണി പൂർത്തിയാകുമെന്നും എൻ വാസു പറഞ്ഞു.