തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വെൺപകൽ സ്വദേശി രാജന്‍റെ (40) മൃതദേഹം സംസ്‌കരിച്ചു. പൊലീസ് ഒഴിപ്പിക്കാനെത്തിയ അതേ പുരയിടത്തിൽ തന്നെയാണ് രാജനെ സംസ്‌കരിച്ചത്. രാജനും കുടുംബവും അവസാനം താമസിച്ചിരുന്ന വീട്ടു മുറ്റത്ത് തന്നെയാവണം രാജന്‍റെ സംസ്‌കാരവും നടത്തേണ്ടതെന്ന നിലപാടിൽ ബന്ധുക്കളും നാട്ടുകാരും ഉറച്ചുനിൽക്കുകയായിരുന്നു.
അതേസമയം കോടതിയിൽ വസ്‌തുവിനെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നതിനാൽ കുഴി എടുക്കുന്നതിന് പലരും മുന്നോട്ടു വന്നില്ല. തുടർന്ന് ഇളയമകൻ രഞ്ജിത്ത് അച്ഛന് വേണ്ടിയുള്ള കുഴി വെട്ടാൻ തുടക്കമിട്ടു. തുടർന്ന് നാട്ടുകാരും പങ്കുചേർന്ന് ആയിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.