തിരുവനന്തപുരം : മണൽ മാഫിയയുമായി ബന്ധം പുലർത്തിയ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്‌തു. രണ്ട് എ ഗ്രേഡ് എഎസ്‌എ മാരെയും അഞ്ച് സിവിൽ പൊലീസ് ഓഫിസർമാരെയുമാണ് സർവീസിൽ നിന്ന് നീക്കിയത്. കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും.
ഗ്രേഡ് എഎസ്‌ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി (കണ്ണൂർ റൂറൽ), സിവിൽ പൊലീസ് ഓഫിസർമാരായ നിഷാർ പി എ (കണ്ണൂർ സിറ്റി), ഷിബിൻ എം വൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി എം (കാസർകോട്), ഷെജീർ വി എ (കണ്ണൂർ റൂറൽ), ഹരികൃഷ്‌ണൻ ബി (കാസർകോട്) എന്നിവരെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്‌തത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ മണൽ മാഫിയകൾക്ക് ചോർത്തി നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മേലുദ്യോഗസ്ഥരുടെ ലൊക്കേഷൻ ഉൾപ്പടെ ചോർത്തി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റ ദൂഷ്യം, പൊലീസിന്‍റെ സൽപ്പേരിന് കളങ്കം ചാർത്തൽ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
മാങ്ങ മോഷണം, ഒടുവിൽ പണി പോയി : കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ മാങ്ങ മോഷണ കേസിലെ പ്രതിയായ ഇടുക്കി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ പി വി ഷിഹാബിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. മാങ്ങ മോഷണ കേസിന് പുറമെ നിരവധി ക്രിമിനൽ കേസുകളും നിലവിലുള്ളത് കണക്കിലെടുത്താണ് ഇടുക്കി ജില്ല പൊലീസ് മേധാവി വി യു കുര്യാക്കോസ് ഷിഹാബിനെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
2022 സെപ്റ്റംബർ 30ന് പുലർച്ചെയാണ് കാഞ്ഞിരപ്പള്ളി പാറത്തോട് ഭാഗത്തുള്ള പഴക്കടയില്‍ നിന്ന് ഇടുക്കി എ ആർ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് മാങ്ങ മോഷ്‌ടിച്ചത്. കടയുടെ മുൻവശത്ത് വില്‍പ്പനയ്ക്കായി വച്ചിരുന്ന 10 കിലോ മാങ്ങയാണ് ഇയാൾ മോഷ്‌ടിച്ചത്. പൊലീസുകാരന്‍ കടയില്‍ നിന്ന് മാങ്ങ മോഷ്‌ടിച്ച് സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലെ സ്റ്റോറേജിലാക്കി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന മാമ്പഴമായിരുന്നു ഇത്. പിന്നാലെ കടയുടമ ദൃശ്യമടക്കം പൊലീസിൽ പരാതി നൽകിയതോടെയാണ് ഷിഹാബ് കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഇയാൾ ഒളിവില്‍ പോയിരുന്നു. തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു. പിന്നീട് ഒത്തുതീർപ്പിനൊടുവിൽ കടയുടമ ഷിഹാബിനെതിരെയുള്ള പരാതി പിൻവലിച്ചിരുന്നു.
എന്നാൽ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ സൽപ്പേരിന് കളങ്കമായി എന്ന് ചൂണ്ടിക്കാട്ടി ഇയാളെ പിരിച്ചുവിടാൻ എസ്‌പി ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത ബലാത്സംഗ കേസിലെയും പ്രതിയാണ് ഷിഹാബ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് മാങ്ങ മോഷണ കേസിലും ഇയാൾ പ്രതിയാകുന്നത്.