തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇടതു മുന്നണിയില്‍ തുടക്കമായി. ഘടകക്ഷികളുമായി സിപിഎം ഇന്ന് ചര്‍ച്ച നടത്തി. സിപിഐ ഒഴികെയുള്ള കക്ഷികളുമായാണ് ഇന്ന് എകെജി സെന്‍ററിൽ ചര്‍ച്ച നടന്നത്. ഘടകക്ഷികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുക എന്നതായിരുന്നു ഇന്നത്തെ ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. സീറ്റുകള്‍ക്കായുള്ള അവകാശ വാദങ്ങള്‍ എല്ലാ ഘടകക്ഷികളും ഉന്നയിച്ചു. ഒരു പാര്‍ട്ടിക്കും പ്രത്യകിച്ചൊരു ഉറപ്പും സിപിഎം നല്‍കിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയത്.
കേരള കോണ്‍ഗ്രസ് എമ്മുമായാണ് ആദ്യം ചര്‍ച്ച നടന്നത്. ജോസ് കെ. മാണി, റോഷി അഗസ്റ്റിന്‍, സ്റ്റീഫന്‍ ജോര്‍ജ്ജ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 15 സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളിലെ സീറ്റുകള്‍ ലഭിക്കണമെന്ന ആവശ്യവും കേരള കോണ്‍ഗ്രസ് മുന്നോട്ട് വച്ചിട്ടുണ്ട്. പ്രാഥമിക ചര്‍ച്ചകളാണ് നടന്നതെന്ന് ജോസ് കെ.മാണി ചര്‍ച്ചകൾക്ക് ശേഷം പ്രതികരിച്ചു.
പാല സീറ്റിന്‍റെ പേരില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന എന്‍സിപി, നിലവില്‍ മത്സരിച്ച നാല് സീറ്റുകള്‍ ലഭിക്കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ മുന്നോട്ട് വച്ചത്. സിറ്റിങ് സീറ്റുകളില്‍ വിട്ടു വീഴ്ചയ്ക്ക് തയാറല്ലെന്നും എന്‍സിപി ചര്‍ച്ചയില്‍ അറിയിച്ചു. മുന്നണിയിലേക്ക് പുതിയ കക്ഷികള്‍ കടന്നു വന്ന സാഹചര്യത്തില്‍ വിട്ടു വീഴ്ച വേണ്ടി വരുമെന്ന സന്ദേശമാണ് സിപിഎം നേതൃത്വം നല്‍കിയിരിക്കുന്നത്.
ഏഴ് സീറ്റുകള്‍ വേണമെന്ന ആവശ്യം എല്‍ജെഡി നേത്യത്വം മുന്നണിയെ അറിയിച്ചിട്ടുണ്ട്. വടകര ഉള്‍പ്പെടെയുള്ള സീറ്റുകളാണ് എല്‍ജെഡി ആവശ്യപ്പെട്ടത്. എല്ലാ കക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം അറിയിക്കാമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. മുന്നണിയിലേക്ക് പുതിയ കക്ഷികള്‍ എത്തുമ്പോള്‍ വിട്ടുവീഴ്ചകള്‍ ഇരു ഭാഗത്തു നിന്നും ആവശ്യമാണെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം എം.വി ശ്രേയാംസ് കുമാര്‍ പ്രതികരിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐ.എന്‍.എല്‍ തുടങ്ങിയ കക്ഷികളുമായും ഇന്ന് ചര്‍ച്ചകള്‍ നടന്നു. സീറ്റുകളുടെ കാര്യത്തില്‍ ഒരു ഉറപ്പും ആര്‍ക്കും സിപിഎം നേതൃത്വം നല്‍കിയിട്ടില്ല. ഇടതു മുന്നണിയുടെ പ്രചരണ ജാഥകള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.