തിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാരിനെതിരെ ഉയർന്ന വിവാദങ്ങൾ രാഷ്‌ട്രീയമായി നേരിടാൻ ഇടതുമുന്നണി തീരുമാനം. പ്രതിപക്ഷം പ്രതിഷേധം ശക്തമാകുന്നതിന്നിടയിൽ ചേർന്ന എൽഡിഎഫ് യോഗം സർക്കാറിന് പൂർണ പിന്തുണ നൽകി.
സ്വർണക്കടത്തും ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും ഉൾപ്പെടെ എല്ലാ വിവാദങ്ങളെയും രാഷ്‌ട്രീയമായി നേരിടാൻ ഇന്നത്തെ ഇടതുമുന്നണി യോഗം തീരുമാനിച്ചു. അവിശ്വാസം പരാജയപ്പെട്ട പ്രതിപക്ഷം സർക്കാരിനെ അട്ടിമറിക്കാൻ മറ്റു വഴികൾ തേടുകയാണെന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഇതിനെ ഒറ്റക്കെട്ടായി നേരിടാം എന്ന് എൽഡിഎഫ് തീരുമാനിച്ചു.
പ്രതിപക്ഷം ഗുണ്ടകളെ ഉപയോഗിച്ച് അക്രമ സമരം നടത്തുകയാണെന്നും യോഗം വിലയിരുത്തി. മന്ത്രി കെ ടി ജലീൽ രാജി വെക്കേണ്ട ആവശ്യമില്ലെന്നും എൽ ഡി എഫ് തീരുമാനിച്ചു. രാജി വേണ്ട എന്ന് തന്നെയാണ് എല്ലാ ഘടകകക്ഷികളുടെ നിലപാട് എന്ന് യോഗശേഷം എൽ ഡി എഫ് കൺവീനർ എ.വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. വർഗീയ ധ്രുവീകരണം ഉണ്ടാക്കി അധികാരം പിടിക്കാൻ യുഡിഎഫ് ശ്രമിക്കുകയാണ്. ഇതിനായി ക്രിമിനൽ സംഘങ്ങൾ ഉപയോഗിച്ച് സമരം നടത്തുകയാണെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു. കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് വന്നത് വർഗീയശക്തികളെ ഒരുമിച്ചു നിർത്താൻ വേണ്ടിയാണെന്നും വിജയരാഘവൻ ആരോപിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനും മുന്നണി യോഗത്തിൽ തീരുമാനിച്ചു. ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി പ്രവേശനം അവർ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കിയ ശേഷം തീരുമാനമെടുത്താൽ മതിയെന്നും ധാരണയായി.