തിരുവനന്തപുരം : ഇന്ന് വൈകിട്ടോടെ മന്ത്രിസഭ ഉപസമിതിയും വിഴിഞ്ഞം സമരസമിതിയും തമ്മില്‍ ചര്‍ച്ച നടന്നേക്കും. ഈ ചര്‍ച്ച വിജയിച്ചാല്‍, ശേഷം മുഖ്യമന്ത്രി സമരക്കാരെ കണ്ടേക്കും. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയും മന്ത്രിസഭ ഉപസമിതിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇതിലെ തീരുമാനങ്ങള്‍ സമരസമിതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍, കൃത്യമായ ഉറപ്പ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുകയാണെങ്കില്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്. ഇതിനിടെ കൊച്ചിയില്‍ തുടരുന്ന കെസിബിസി ശീതകാല സമ്മേളനം വിഴിഞ്ഞം സമരത്തെ പറ്റി ചര്‍ച്ച ചെയ്യും.
യോഗത്തിന്‍റെ ആദ്യ ദിവസമായ ഇന്നലെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെങ്കിലും കൂടുതല്‍ വിശകലനങ്ങളിലേക്ക് പോകേണ്ടതുണ്ടെന്ന് വിലയിരുത്തുകയായിരുന്നു. വിഴിഞ്ഞം വിഷയത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചകളില്‍ സമവായ സാധ്യതകള്‍ തെളിയുന്നതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം എന്ന മുന്‍നിലപാടില്‍ മാറ്റമില്ലെന്നും സമവായ ചര്‍ച്ചകളില്‍ മുന്നോട്ടുവയ്ക്കപ്പെടുന്ന നിര്‍ദേശങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുന്നതായിരിക്കണമെന്നുമാണ് യോഗത്തിന്‍റെ നിലപാട്.