തിരുവനന്തപുരം: യാത്ര ക്ലേശം ഒഴിവാക്കാൻ 131 പുതിയ സൂപ്പർ ക്ലാസ് ബസുകൾ വിന്യസിച്ച് കെഎസ്ആർടിസി (KSRTC). സ്വകാര്യ ബസുകളുടെ യാത്ര 140 കിലോമീറ്ററായി ചുരുക്കുന്നത് മൂലം യാത്രാ ക്ലേശം ഉണ്ടാകാതിരിക്കാനാണ് സൂപ്പർ ക്ലാസ് ബസുകൾ വിന്യസിക്കുന്നത്. സൂപ്പർ ക്ലാസ് ബസുകൾ വരുമ്പോൾ സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന പാതയിലെ യാത്രക്കാർക്ക് ടിക്കറ്റിൽ ഇളവ് നൽകും.
കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്ന റൂട്ടിൽ പെർമിറ്റില്ലാതെ അനധികൃതമായി സ്വകാര്യ ബസുകൾ സർവീസ് നടത്തിയത് മൂലം വൻ സാമ്പത്തിക നഷ്‌ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. എന്നാൽ ഇത്തരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് യാത്രാ ക്ലേശം പരിഹരിക്കുന്നതിന്‍റെ ഭാഗമായി 131 സൂപ്പർ ക്ലാസ് ബസുകൾ വിന്യസിച്ചത്. കൂടുതൽ സൂപ്പർ ക്ലാസ് ബസുകൾ ഉടൻ എത്തിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ എല്ലാ റൂട്ടുകളിലും സൂപ്പർ ക്ലാസ് ബസുകൾ സർവീസ് നടത്തും. ഇതിലൂടെ സ്വകാര്യ ബസുകൾക്ക് ഏർപ്പെടുത്തിയ 140 കിലോമീറ്റർ നിബന്ധന യാത്രാ ക്ലേശം ഉണ്ടാകില്ലെന്നും മാനേജ്‌മെന്‍റ് വ്യക്തമാക്കി. അതേസമയം, കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ 30 കോടി രൂപ അനുവദിച്ചു.
സർക്കാർ സഹായം ലഭ്യമായ സാഹചര്യത്തിൽ മെയ് മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു ജീവനക്കാർക്ക് ഉടൻ വിതരണം ചെയ്യും. 50 കോടിയാണ് സർക്കാരിനോട് ആവശ്യപ്പെട്ടതെങ്കിലും 30 കോടി രൂപയാണ് അനുവദിച്ചത്. മെയ് മാസത്തിലെ ശമ്പളത്തിന്‍റെ ആദ്യ ഗഡു ഈ മാസം അഞ്ചിന് മുന്‍പ് തന്നെ വിതരണം ചെയ്‌തിരുന്നു. കൈവശമുണ്ടായിരുന്ന അഞ്ച് കോടി രൂപയും ഓവർ ഡ്രാഫ്റ്റ് എടുത്ത 35 കോടിയും ചേർത്താണ് ആദ്യ ഗഡു നൽകിയത്.
സിറ്റി സര്‍ക്കുലര്‍ ബസുകള്‍ തലസ്ഥാനത്ത്: സിറ്റി സർക്കുലർ സർവീസിനായി കെഎസ്ആർടിസി വാങ്ങിയ പുതിയ ഇലക്ട്രിക് ബസുകൾ തലസ്ഥാനത്ത് എത്തിച്ചു. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ബസുകളിൽ ആദ്യത്തെ നാലെണ്ണമാണ് തിരുവനന്തപുരത്തെ ആനയറയിലെ സ്വിഫ്റ്റിന്‍റെ ആസ്ഥാനത്ത് എത്തിച്ചത്. നഗര ഉപയോഗത്തിന് ഫലപ്രദമായ രീതിയില്‍ ഒമ്പത് മീറ്റർ നീളമുള്ള ബസുകളാണിവ. 60 ബസുകള്‍ ഐഷര്‍ (Eicher) കമ്പനിയില്‍ നിന്നും 53 എണ്ണം പിഎംഐ ഫോട്ടോണില്‍ (PMI Foton) നിന്നുമാണ് കെഎസ്‌ആര്‍ടിസി വാങ്ങിയത്.
അടുത്തമാസം അവസാനത്തോടെ മുഴുവന്‍ ബസുകളും കേരളത്തിലെത്തിക്കും. കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് നിലവിലുള്ള ഡീസൽ ബസുകൾ നൽകും. പുതിയ ഇലക്ട്രിക് ബസുകൾ ഗതാഗത സംവിധാനം പഠിച്ച ശേഷം സിറ്റി സർക്കുലർ റൂട്ടുകളിലേക്ക് സർവീസിനായി നൽകും.
ഭാവിയിൽ കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും ഇലക്ട്രിലേക്ക് മാറ്റി ആദ്യ ഹരിത നഗരമാക്കി മാറ്റുകയാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
More Read : KSRTC: കെഎസ്ആർടിസി റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ അനധികൃത സർവീസ്; കര്‍ശന മുന്നറിയിപ്പുമായി ബിജു പ്രഭാകർ