തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ നാളെ (06.05.2022) പണിമുടക്ക്. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ മന്ത്രി ആന്‍റണി രാജുവുമായും മാനേജ്മെന്‍റുമായും തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. പ്രതിപക്ഷ യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്. എല്ലാ മാസവും 5ന് മുമ്പ് ശമ്പളം നല്‍കണമെന്ന് നേരത്തെ മാനേജുമെന്റുമായുള്ള ചര്‍ച്ചയില്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. സിഐടിയു പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
Also Read: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന്
ഈ മാസം 10 ന് ശമ്പളം നല്‍കാമെന്നാണ് ഇന്ന് നടന്ന ചര്‍ച്ചയില്‍ കോര്‍പറേഷന്‍ സിഎംഡി ബിജു പ്രഭാകര്‍ ജീവനക്കാരെ അറിയിച്ചത്. എന്നാല്‍ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ നിലപാടെടുത്തു. ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമമില്ല. ഗതികേടുകൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാര്‍ മനസിലാക്കണം. ഇപ്പോള്‍ സൂചനാസമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കില്‍ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.
മന്ത്രിതല ചര്‍ച്ച പരാജയമാണെന്ന് കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. ശമ്പളവിതരണത്തിന് അഞ്ചുദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ ചോദിച്ചതെന്നും കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിക്കണമെന്നുമാണ് സിഐടിയു നിലപാട്. കഴിഞ്ഞ മാസം വിഷുവിനും ഈസ്റ്ററിനും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല.