തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി (Kerala power crisis) തുടര്‍ നടപടിയില്‍ ഇന്ന് തീരുമാനമുണ്ടാകും. വൈദ്യുത നിയന്ത്രണമടക്കമുളള കാര്യങ്ങളിലേക്ക് നീങ്ങണമോ എന്ന കാര്യത്തിലാണ് കൂടിയാലോചനകള്‍ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) ഇന്ന് അവലോകന യോഗം വിളിച്ചിട്ടുണ്ട്.
വൈദ്യുതി മന്ത്രിയുമായും മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നുണ്ട്. അതിനുശേഷമാകും എന്ത് നടപടി വേണമെന്നത് തീരുമാനിക്കുക. മഴ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതിനൊപ്പം പുറത്തു നിന്നുള്ള മൂന്ന് വൈദ്യുത കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് കാരണമായത്.
465 മെഗാവാട്ടിന്‍റെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറാണ് സാങ്കേതിക പ്രശ്‌നം പറഞ്ഞ് റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. വിലകുറഞ്ഞ കരാറുകളില്‍ നിന്നും ഡിസംബര്‍ വരെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ താത്‌കാലിക അനുമതി നല്‍കിയെങ്കിലും കരാര്‍ റദ്ദായതിനാല്‍ കമ്പിനകള്‍ വൈദ്യുതി നല്‍കിയിട്ടില്ല.
കരാറിലെ യാഥാര്‍ഥ തുക ലഭിക്കണമെന്നും കല്‍ക്കരി കെഎസ്ഇബി ഉറപ്പു വരുത്തണമെന്നുമാണ് കമ്പനികളുടെ ആവശ്യം. 365 മെഗാവാട്ട് വൈദ്യുതിയാണ് ഈ കമ്പനികളില്‍ നിന്ന് ലഭിച്ചിരുന്നത്. ഇവര്‍ പിന്‍മാറിയതോടെ വൈദ്യുതി ലഭ്യതയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
അടിയന്തരമായി ബോര്‍ഡ് 200 മെഗാവാട്ടിനുള്ള ടെന്‍ഡര്‍ വിളിച്ചിരുന്നു. ഇത് സെപ്‌റ്റംബര്‍ 5ന് തുറക്കും. ഇതില്‍ നിന്നും സെപ്‌റ്റംബര്‍ 20 മുതല്‍ വൈദ്യുതി ലഭിക്കുമെന്നാണ് വിവരം. അടുത്ത മഴക്കാലത്ത് പകരം നല്‍കാമെന്ന വ്യവസ്ഥയില്‍ 500 മെഗാവാട്ടിനുള്ള ടെന്‍ഡറും ബോര്‍ഡ് വിളിച്ചിട്ടുണ്ട്.
പ്രതീക്ഷച്ചതിലും വലിയ അളവില്‍ മഴ കൂടി കുറഞ്ഞതോടെയാണ് അണക്കെട്ടുകളിലും ജലനിരപ്പ് കുറഞ്ഞത്. ഇതേതുടര്‍ന്ന് ഉത്പാദനവും വലിയ അളവില്‍ കുറഞ്ഞിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് വഴികളാണ് സര്‍ക്കാറിന് മുന്നിലുളളത്. ലോഡ്‌ഷെഡിങ് അടക്കമുള്ള നിയന്ത്രണത്തിലേക്ക് പോകുക അല്ലെങ്കില്‍ പുറത്തു നിന്നും ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുക.
നിലവില്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി മുന്നോട്ട് പോകുന്നത്. ഇതുമൂലം പ്രതിദിനം 10 കോടി രൂപയോളമാണ് ബോര്‍ഡിന് നഷ്‌ടം. ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ബോര്‍ഡ് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തിലാണ് ഇന്നത്തെ യോഗം തീരുമാനമെടുക്കുക. അതിനിടെ അടുത്ത മാസവും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യൂണിറ്റിന് 19 പൈസയാകും സര്‍ചാര്‍ജ് ഈടാക്കുക. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മിഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുക.
വൈദ്യുത പ്രതിസന്ധിയെ തുടര്‍ന്നുള്ള നിയന്ത്രണം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചിട്ടുണ്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിവിധ കേന്ദ്ര വൈദ്യുത നിലയങ്ങളില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിതമായ കുറവുണ്ടായതിനെ തുടര്‍ന്നാണ് കെഎസ്ഇബി നടപടി.
300 മെഗാവാട്ടോളം കുറവാണ് വൈദ്യുതി ലഭ്യതയില്‍ ഉണ്ടായിരിക്കുന്നത്. വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.