തിരുവനന്തപുരം: ഇതാദ്യമായി സ്വന്തം റേഡിയോയുമായി കെപിസിസി. പുതിയ കാലഘട്ടത്തിനിണങ്ങിയ ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണമാണ് കെപിസിസി ഉദ്ദേശിക്കുന്നത്. 'ജയ്‌ഹോ' എന്നാണ് റേഡിയോയുടെ പേര്. രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് പ്രക്ഷേപണം ആരംഭിക്കും.
കോഴിക്കോട് കെപിസിസി അടുത്തിടെ സംഘടിപ്പിച്ച 'നവ ചിന്തന്‍ ശിബിര'ത്തിലാണ് റേഡിയോ എന്ന ആശയം പിറവിയെടുത്തത്. ഏതാനും പ്രതിനിധികള്‍ മുന്നോട്ടു വച്ച ആശയത്തിന് ശിബിരം അംഗീകാരം നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവും റേഡിയോ പ്രക്ഷേപണ രംഗത്തെ പ്രമുഖനുമായ പെരിയ ബാലകൃഷ്‌ണനാണ് റേഡിയോയുടെ കോര്‍ഡിനേറ്റര്‍.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ റേഡിയോ നിലയത്തിനുള്ള സജ്ജീകരണങ്ങള്‍ തയാറായി. പാര്‍ട്ടി പ്രവര്‍ത്തകരെയും സാധാരണ ശ്രോതാക്കളെയും ലക്ഷ്യമിട്ടുള്ള വാര്‍ത്ത, വിനോദ, വിജ്ഞാന പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് പ്രക്ഷേപണം. ലോക മലയാളികളെ പങ്കെടുപ്പിച്ചുള്ള നിരവധി മത്സര പരിപാടികള്‍ക്ക് പുറമേ കോണ്‍ഗ്രസ് നേതാക്കള്‍ അവതാരകരായുള്ള പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസ്‌കവറി ഓഫ് ഇന്ത്യ, ഗാന്ധി പർവം എന്നീ പ്രത്യേക പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 15ന് രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രസിഡന്‍റ് കെ.സുധാകരന്‍ റേഡിയോ ഉദ്‌ഘാടനം നിര്‍വഹിക്കും.