തിരുവനന്തപുരം: പഴനി തീര്‍ഥാടകന്‍ ചമഞ്ഞെത്തി വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതിയെ വഞ്ചിയൂര്‍ പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ സ്ഥാപനങ്ങളില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഈ കഴിഞ്ഞ ശനിയാഴ്‌ച ഉച്ചയ്ക്കാണ് വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സമീപത്തെ വീട്ടില്‍ കയറി ഇയാള്‍ അതിക്രമം കാട്ടിയത്. വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ കാണിക്ക ചോദിച്ചെത്തിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പഴനിയില്‍ പോകാനുള്ള കാണിക്ക വേണമെന്ന് പറഞ്ഞാണ് പ്രതി വീടിന്‍റെ വാതിലില്‍ മുട്ടിയത്.
ഭസ്‌മം നിറച്ച തട്ടുമായെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുട്ടി ഇയാളോട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് കേള്‍ക്കാതെ നെറ്റിയില്‍ കുറിയിടാനെന്ന ഭാവത്തില്‍ ഇയാള്‍ മുന്നോട്ടു വന്നു. അപ്രതീക്ഷിതമായി ഇയാള്‍ കൈകളില്‍ കടന്നുപിടിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറഞ്ഞത്.
ആദ്യമൊന്ന് പേടിച്ച കുട്ടി ധൈര്യം വീണ്ടെടുത്ത് അക്രമിയെ തള്ളിമാറ്റി ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് അടുത്ത വീട്ടിലെത്തി കാര്യം അറിയിച്ചു. ഹോട്ടലില്‍ ഇരിക്കുന്നതും നടന്നു പോകുന്നതുമായ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം നഗരത്തില്‍ അടുത്തിടെ സ്‌ത്രീകള്‍ക്ക് നേരെ പട്ടാപ്പകല്‍ നിരവധി അതിക്രമം നടന്നിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഷാഡോ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിന് തൊട്ടു പിന്നാലെയാണ് നഗരത്തില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്.
തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ഒരാള്‍ കടന്നുപിടിച്ചതും ഈ അടുത്തായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഈ കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത്.