തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി എന്ന് പൊലീസ് സംശയിക്കുന്ന ആദം അലി പബ്‌ജി ഗെയിമിന് അടിമ. യുവാവ് പബ്‌ജി ഗെയിം പതിവായി കളിച്ചിരുന്നതായും കളിയില്‍ തോറ്റതിന് അടുത്തിടെ ഫോണ്‍ തല്ലിപ്പൊട്ടിച്ചതായും ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കി. അടുത്ത വീട്ടിലെ സ്‌ത്രീയുമായി വഴക്കുണ്ടായതായും താന്‍ ആ സ്‌ത്രീയെ തല്ലിയതായും ഇയാള്‍ പറഞ്ഞിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
അതിനാല്‍ ഇവിടെ ഇനി നില്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് ഞായറാഴ്‌ച(07.08.2022) ഉച്ചയോടെ ആദം താമസ സ്ഥലത്ത് നിന്നും മുങ്ങിയത്. ഇതിനു ശേഷം ഒരു സിം കാര്‍ഡ് ആവശ്യപ്പെട്ട് ഒപ്പമുണ്ടായിരുന്ന ആളെ വിളിക്കുകയും ചെയ്‌തിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.
ഇയാള്‍ സ്ഥിരമായി ഒരു നമ്പര്‍ ഉപയോഗിക്കാറില്ലെന്നും ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചു. കൊല്ലപ്പെട്ട കേശവദാസപുരം ദേവസ്വം ലൈനിൽ താമസിക്കുന്ന മനോരമയുടെ വീടിന്‍റെ മതിലിന് ആറടിയോളം ഉയരമുണ്ട്. ഈ മതിലിന് മുകളിലൂടെ ഒറ്റയ്‌ക്ക് ഇയാള്‍ക്ക് മൃതദേഹം അടുത്ത പറമ്പിലേക്ക് എത്തിക്കാന്‍ കഴിയുമോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അതിനാല്‍ കൊലപാതകത്തിലോ രക്ഷപ്പെടലിനോ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്.
Also Read തലസ്ഥാനത്ത് വയോധികയെ വധിച്ചത് ക്രൂരമായി: ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം ശക്തം