തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിന്‍റെ നിർണായക യോഗം ഇന്ന് ചേരാനിരിക്കെ ഇടത് സെനറ്റ് അംഗങ്ങളെ എകെജി സെന്‍ററിൽ വിളിപ്പിച്ച് പാർട്ടി നേതൃത്വം. സെനറ്റ് യോഗം രാവിലെ പത്ത് മണിക്ക് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം. വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്ന സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനാണ് ഇന്ന് സെനറ്റ് യോഗം ചേരുന്നത്.
സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി ഗവർണർ ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി രൂപീകരിച്ചത് സർവകലാശാലാ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും കമ്മിറ്റിയുടെ രൂപീകരണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഓഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം അംഗീകരിച്ചിരുന്നു. ഈ പ്രമേയം പിൻവലിച്ചുകൊണ്ടു മാത്രമേ പുതിയ സെനറ്റ് പ്രതിനിധിയെ മുന്നോട്ട് വെയ്ക്കാൻ സാധിക്കുകയുള്ളു. എന്നാൽ ഗവർണർ സർക്കാർ പോര് നിലനിൽക്കുന്ന സാഹചര്യത്തിൽ അതിനുള്ള സാധ്യതകൾ വളരെ കുറവാണ്.
ഈ സാഹചര്യത്തിൽ രാഷ്‌ട്രീയമായും നിയമപരമായും എങ്ങനെ ഇതിനെ മറികടക്കാം എന്ന നിർദേശങ്ങൾ നൽകാനാണ് പാർട്ടി നേതൃത്വം സെനറ്റ് അംഗങ്ങളെ എകെജി സെന്‍ററിൽ വിളിപ്പിച്ചത്. ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ സെനറ്റ് പ്രമേയം പിൻവലിക്കുന്നത് ഗവർണർക്കു കീഴടങ്ങുന്നതിനു തുല്യമാണെന്നാണ് വാദം ഉണ്ട്.