തിരുവന്തപുരം: കൊവിഡ് ഭീതിയൊഴിഞ്ഞ 2022 ല്‍ കേരളത്തിലെ ടൂറിസം മേഖലയ്‌ക്ക് വന്‍ കുതിപ്പ്. 2022 സെപ്‌റ്റംബര്‍ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം കേരളത്തിലെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 1,33,80.836 ആണ്. കൂടാതെ കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ എറണാകുളം ശ്രദ്ധേയമായ ഇടം കണ്ടെത്തുന്നു എന്നും പുതുതായി പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.
2022 സെപ്‌റ്റംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകള്‍ എത്തിയ ജില്ല എറണാകുളമാണ്. ഈ കാലയളവില്‍ 1,21,041 വിദേശ ടൂറിസ്റ്റുകളാണ് എറണാകുളം ജില്ലയിലെത്തിയത്. 29 ലക്ഷത്തോളം ആഭ്യന്തര ടൂറിസ്റ്റുകളും ജില്ലയിലെത്തി.
നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ അതിവേഗ വളര്‍ച്ചയും വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുമാണ് എറണാകുളത്തേക്ക് ഇത്രയധികം വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. മാത്രമല്ല കായലോര ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനവും കൊച്ചിയിലെ ഉള്‍നാടന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ആകര്‍ഷണീയതയുമാണ് എറണാകുളം ജില്ലയെ സഞ്ചാരികളുടെ ഇഷ്‌ട ഇടമാക്കുന്നത്.
മൂന്നാര്‍, തേക്കടി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അതിവേഗം എത്താമെന്നതും എറണാകുളത്തെ പ്രിയങ്കരമാക്കുന്നു. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളം കയ്യടക്കിയിരുന്ന സ്ഥാനമാണ് ഇപ്പോള്‍ എറണാകുളത്തെ തദ്ദേശീയ ഇടങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കുന്നത്. എറണാകുളത്തിനു പിന്നില്‍ തിരുവനന്തപുരമാണ്.
തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ വരെ 21,46,969 ആഭ്യന്തര സഞ്ചാരികളും 45,788 വിദേശ സഞ്ചാരികളും എത്തി. എറണാകുളത്തെത്തിയ വിദേശ സഞ്ചാരികളുടെ മൂന്നിലൊന്ന് മാത്രമാണ് തിരുവനന്തപുരത്തെത്തിയത്. സഞ്ചാരികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം ഇടുക്കി ജില്ലയ്ക്കാണ്. ഇടുക്കിയില്‍ 12,375 വിദേശ സഞ്ചാരികളും 17,85,276 ആഭ്യന്തര സഞ്ചാരികളും എത്തി.
വിവിധ ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ വരെ എത്തിയ വിദേശ-ആഭ്യന്തര സഞ്ചാരികളുടെ എണ്ണം
ജില്ല | ആഭ്യന്തര സഞ്ചാരികള്‍ | വിദേശ സഞ്ചാരികള്‍ |
എറണാകുളം | 28,93,961 | 1,21,041 |
തിരുവനന്തപുരം | 21,46,969 | 45,788 |
ഇടുക്കി | 17,85,276 | 12,375 |
തൃശൂര്‍ | 15,07,511 | 7410 |
വയനാട് | 10,93,175 | 4929 |
കോഴിക്കോട് | 8,87,334 | 4474 |
കണ്ണൂര്‍ | 5,95,145 | 4164 |
ആലപ്പുഴ | 5,65,477 | 3597 |
മലപ്പുറം | 5,00,935 | 1214 |
പാലക്കാട് | 3,49,680 | 583 |
കോട്ടയം | 3,11,438 | 368 |
കൊല്ലം | 3,00,886 | 353 |
പത്തനംതിട്ട | 2,23,755 | 325 |
കാസര്‍കോട് | 2,19,294 | 231 |