തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ജൂലൈ 2ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മിമീ മുതൽ 115.5 മിമീ വരെ മഴ ലഭ്യമാകുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇപ്പോൾ മധ്യപ്രദേശിന് മുകളിലായി സ്ഥിതി ചെയ്യുകയാണ്. ന്യൂനമർദപാത്തി മഹാരാഷ്‌ട്ര മുതൽ കേരള തീരം വരെയാണ് നിലനിൽക്കുന്നത്.
ആഗോള മഴപ്പാത്തിയുടെ സ്വാധീനം വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകാൻ കാരണമാകും. അതേസമയം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയാണ്.
കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികള്‍ ബോട്ട്, വള്ളങ്ങള്‍ മുതലായ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിച്ചു കൊണ്ട് സുരക്ഷ ഉറപ്പാക്കണമെന്നും ജാഗ്രത നിര്‍ദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും നിലവിലെ സാഹചര്യത്തില്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്കുള്ള ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന പ്രത്യേക നിര്‍ദേശങ്ങള്‍...
- ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറി താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനോട് സഹകരിക്കണം.
- വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വയ്ക്കണം.
- അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.
- സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം. ഇതിന്‍റെ ഭാഗമായി മരങ്ങള്‍ കോതി ഒതുക്കണം. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.
- ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്.
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
- ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്‌ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.
- കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.