തിരുവനന്തപുരം: ആൾക്കൂട്ട സമരങ്ങൾ ഉചിതമല്ലാത്ത കൊവിഡ് കാലത്ത് ആളുകൂടിയിട്ടും അകലം പാലിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ കേരള പുലയർ മഹിളാ ഫെഡറേഷന്‍റെ സമരം. നൂറോളം പേർ പങ്കെടുത്ത പ്രതിഷേധം കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച മാതൃകാ സമരം കൂടിയായി. പത്തനംതിട്ടയിൽ ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കൊവിഡ് കാലത്ത് ഇങ്ങനെയും സമരം ചെയ്യാമെന്ന് തെളിയിക്കുകയാണ് കെപിഎംഎഫ്.
ഒരു മീറ്റർ അകലത്തിലിട്ട കസേരകളിലിരുന്നായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. സാനിറ്റൈസറും മാസ്‌കും തൂവാലയും ഗ്ലൗസും കുടിവെള്ളവുമടങ്ങുന്ന കിറ്റും സംഘാടകർ ഓരോ പ്രവർത്തകയ്ക്കും നൽകി. പനി പരിശോധിക്കാൻ തെർമോമീറ്ററുമായി ആരോഗ്യ പ്രവർത്തകരും ആംബുലൻസും സജ്ജം. കൊവിഡ് അപകടകരമായി പടരുന്ന സാഹചര്യത്തിലും വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിവന്ന ആൾക്കൂട്ട സമരങ്ങൾ വിമർശനത്തിന് വഴിയൊരുക്കിയിരുന്നു. മാസ്‌കും സാമൂഹ്യ അകലവുമില്ലാതെയുള്ള സമരങ്ങൾ രോഗവ്യാപനത്തിന് വഴിവയ്ക്കുകയും ചെയ്‌തു. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളോടെ സമരം ചെയ്‌ത് കെപിഎംഎഫ് മാതൃകയായത്.