തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ല. സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ നികുതി വര്‍ദ്ധനവ് അനിവാര്യമാണെങ്കിലും അത്തത്തില്‍ ഒരു നീക്കത്തിന് ധനമന്ത്രി ടിഎന്‍ ബാലഗോപാല്‍ മുതിര്‍ന്നില്ല. മഹാമാരിയുടെ കാലത്ത് കടം വാങ്ങിയാലും നാടിനെ രക്ഷിക്കുകയെന്ന സമീപനമാണ് സ്വീകരിച്ചത്, ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നികുതി, നികുതി ഇതര വരുമാനം കൂട്ടി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം. കഴിഞ്ഞ സര്‍ക്കാരിന്‍റെ ധനകാര്യ ബില്ലിലെ വ്യവസ്ഥകള്‍ പുനസ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തില്‍ ഭേദഗതി വരുത്തും. സിജിഎസ്‌ടി ശുപാര്‍ശ പ്രകാരം കേന്ദ്രം ജിഎസ്‌ടി നിയമത്തില്‍ ഭേദഗതി വരുത്തിയ പശ്ചാത്തലത്തിലാണ് ബജറ്റ് പ്രഖ്യാപനം. അതേസമയം പ്രളയ സെസ് പിന്‍വലിച്ച മുന്‍ സര്‍ക്കാരിന്‍റെ തീരുമാനവുമായി മുന്നോട്ട് പോകുമോ എന്ന കാര്യത്തില്‍ ഉള്‍പ്പെടെ ബജറ്റില്‍ പരാമര്‍ശങ്ങളില്ല.
വരുമാനം വര്‍ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമുള്ള സമഗ്രമായ പദ്ധതി സര്‍ക്കാര്‍ തയാറാക്കും. സര്‍ക്കാരിന്‍റെ ചെലവുകള്‍ ഒട്ടും കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല കൂടുകയാണുണ്ടായത്. എല്ലാവരും നികുതി കൊടുക്കാന്‍ തയാറായാല്‍ തീര്‍ക്കാവുന്ന ധനകാര്യ വൈഷമ്യമാണ് സംസ്ഥാനത്തിന് ഉള്ളതെന്നും ധനമന്ത്രി പറഞ്ഞു.