തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇഡി ചോദ്യം ചെയ്യലിന് ഹാജരാക്കാതെ തന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായ സി.എം രവീന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ചിറകിനു കീഴില്‍ ഒളിപ്പിച്ചെന്ന് ആരോപണവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ഫെബ്രുവരി 27 തിങ്കളാഴ്‌ച രാവിലെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകുവാനാണ് ഇഡി നിര്‍ദേശിച്ചിരുന്നതെങ്കിലും രവീന്ദ്രന്‍ പോയത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ്. നിയമസഭ സമ്മേളനത്തിന്‍റെ തിരക്കാണെന്നാണ് രവീന്ദ്രന്‍ ഇഡിയെ അറിയിച്ചതെന്നും നിയമസഭയില്‍ രവീന്ദ്രന് ഒരു റോളുമില്ലെന്നതാണ് വസ്‌തുതയെന്നും സുധാകരന്‍ പ്രസ്‌താവിച്ചു.
'മുഖ്യമന്ത്രിയെ സഹായിക്കാന്‍ സീനിയര്‍ ഗവണ്‍മെന്‍റ് സെക്രട്ടറിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വമ്പന്‍ നിര തന്നെ നിയമസഭയിലുണ്ട്. അവര്‍ക്ക് നിയമസഭയില്‍ പ്രത്യേക ഇരിപ്പിടവുമുണ്ട്. ഒരു വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയോ ചോദ്യമോ ഉയര്‍ന്നാല്‍ ആ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം നിയമസഭയിലുണ്ടായിരിക്കും.
കൂടാതെ, നിയമസഭ ജീവനക്കാരുമുണ്ട്. അതിനിടയില്‍ പേഴ്‌സണല്‍ സ്‌റ്റാഫിന് പ്രത്യേകിച്ചൊരു പങ്കുമില്ല. നിയമസഭയില്‍ ഇഡി എത്തില്ലെന്ന ധാരണ മൂലമാകാം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നിയമസഭയെ കവചമാക്കിയതെന്ന് സംശയമുണ്ട്. പഴയ പിണറായി വിജയനെ കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടു മടുത്തതാണ്'-സുധാകരന്‍ അഭിപ്രായപ്പെട്ടു.
'അതിന് ഉചിതമായ മറുപടി നല്‍കിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ പുല്ലു കിളിര്‍ത്തിട്ടില്ല. ഇത്ര വീരശൂര പരാക്രമിയാണ് പുതിയ പിണറായി വിജയനെങ്കില്‍ എന്തു കൊണ്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിന് വിട്ടു കൊടുക്കാത്തത്. ഇഡി ചോദ്യം ചെയ്‌താല്‍ കുരുക്ക് മുറുകുന്നത് തനിക്കാണെന്ന് ഉത്തമ ബോധ്യ മുള്ളതിനാലാണ് മുഖ്യമന്ത്രി രവീന്ദ്രന്‍റെ സംരക്ഷണം ഏറ്റെടുത്തത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സി.എം രവീന്ദ്രനെ മുഖ്യമന്ത്രി ഏറെ നാള്‍ സംരക്ഷിച്ചെങ്കിലും അന്വേഷണം ആഴങ്ങളിലേക്കു നീണ്ടപ്പോള്‍ കൈവിടേണ്ടി വന്നു. ഇതു തന്നെയാണ് രവീന്ദ്രന്‍റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത്. സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് അവകാശപ്പെട്ടിരിക്കുന്ന രവീന്ദ്രന്‍റെ സ്വകാര്യ ചാറ്റുകള്‍ പുറത്തു വന്നപ്പോള്‍ അവര്‍ തമ്മിലുള്ള അടുപ്പത്തിന്‍റെ ആഴവും പരപ്പും വ്യക്തമായി'-കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.
പാതിരാത്രി നടത്തിയ ചാറ്റ് മുഖ്യമന്ത്രിയുടെ വയോധികനായ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടേതാണോ എന്നു പോലും സംശയം തോന്നി. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതി തുടങ്ങിയവയുടെ കേന്ദ്ര ബിന്ദുവായിരുന്ന മുഖ്യമന്ത്രിയുടെ ഓഫിസ് അസന്മാര്‍ഗികളുടെയും ഇരിപ്പിടമായി. മന്ത്രിമാരുടെ ഓഫിസുകള്‍ ഈ രീതിയില്‍ കൂപ്പു കുത്തിയതിന്‍റെ ഞെട്ടലില്‍ നിന്ന് കേരളം കരകയറും മുന്‍പാണ് അടുത്ത ആഘാതമേറ്റതെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.