തിരുവനന്തപുരം: നിയമസഭ കമ്മറ്റികളെ പോലും വിവാദത്തിലാകുന്ന പിണറായി വിജയൻ സർക്കാറിന്‍റെ നടപടി ജനാധിപത്യത്തിന് തിരിച്ചടിയാണെന്ന് കെ.മുരളീധരൻ എം പി. നിയമസഭ എത്തിക്‌സ് കമ്മറ്റിയിലെ അംഗങ്ങൾ വിയോജന കുറിപ്പ് എഴുതിയിട്ടും ലൈഫ് മിഷൻ വിഷയത്തിൽ സമിതി മുന്നോട്ട് പോവുകയാണ് ചെയ്‌തത്. ഇത് ശരിയായ നടപടിയല്ല.
സ്പീക്കർ ശ്രീരാമകൃഷണൻ നിക്ഷപക്ഷമായി പ്രവർത്തിക്കണം. ആരുടെയും പ്രേരണയിൽ പ്രവർത്തിക്കരുത്. ശ്രീരാമകൃഷ്ണന് അങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
പാലാരിവട്ടം പാലത്തിന്‍റെ പേരിൽ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കുകയാണ് സർക്കാർ ചെയ്‌തിരിക്കുന്നത്. എന്നാൽ പാലം പണിയുന്നത് മന്ത്രിയല്ല. ഇതിന്‍റെ പേരിൽ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്താൽ കെ.റെയിലിലും കെ ഫോണിലുമടക്കം അഴിമതി നടത്തിയ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നേരിട്ട് ജയിലിലാണ് പോകേണ്ടത്.
ബിസിനസ് പൊട്ടിയതാണ് എം.സി കമറുദ്ദീന്‍റെ പ്രശ്‌നം. ഇതുപോലെ നിരവധി പേർ പരാതി നൽകിയ പി വി അൻവർ എംഎൽഎക്കെതിരെ കേസില്ല. ബാർ കോഴക്കേസിൽ ജോസ് കെ മാണിക്കെതിരായ ആരോപണങ്ങൾ കേൾക്കാത്ത മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കൾക്കെതിരെ പറയുന്നത് മാത്രമാണ് കേൾക്കുന്നത്. ഇഷ്ടപ്പെടാത്തവരെ കള്ളകേസിൽ കുടുക്കാനും അവനവന്‍റെ ചെയ്‌തികളെ മറച്ചുവയ്ക്കാനുമുള്ള ശ്രമം ഈ മണ്ണിൽ നടക്കില്ലെന്നും മുരളീധരൻ പറഞ്ഞു.