തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപീകരിച്ച പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി പൊതുജനങ്ങളിൽ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. ബാച്ചുകള്‍ പുന:ക്രമീകരിക്കേണ്ടതുണ്ടോ, അധിക ബാച്ചുകള്‍ ആവശ്യമുണ്ടോ, ഏകജാലക പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റങ്ങളാവശ്യമുണ്ടോ തുടങ്ങിയവ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്. നിര്‍ദേശം സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ 2023 ജനുവരി 31 നകം ആര്‍.സുരേഷ്‌കുമാര്‍, ജോയിന്‍റ് ഡയറക്‌ടര്‍ മെമ്പര്‍ സെക്രട്ടറി, ഹയര്‍സെക്കന്‍ഡറി ബാച്ച് പുന:ക്രമീകരണ കമ്മിറ്റി, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിങ്‌സ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയക്കണം.
hsebatchreorganisation2023@gmail.com എന്ന ഇ മെയിലിലും പൊതുജനങ്ങള്‍ക്ക് ബാച്ച് പുന:ക്രമീകരണം സംബന്ധിച്ച് നിര്‍ദേശങ്ങൾ അയക്കാവുന്നതാണ്. മാത്രമല്ല മേഖല ഉപഡയറക്‌ടര്‍മാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഫെബ്രുവരി 20 നകം സിറ്റിങുകള്‍ ഉണ്ടാകുമെന്നതിനാൽ നേരിട്ടും ആവശ്യങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കും. പ്രാദേശികമായ ആവശ്യകതകള്‍ കണക്കിലെടുത്ത് ചില ജില്ലകളിലും പ്രത്യേക സിറ്റിങ് നടക്കും. അത് സംബന്ധമായ അറിയിപ്പ് പിന്നീട് ലഭ്യമാക്കും.
താലൂക്ക് അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ആവശ്യകതയും മുന്‍ വര്‍ഷങ്ങളിലെ അഡ്‌മിഷന്‍ സ്‌റ്റാറ്റസും വിലയിരുത്തിയാകും നിര്‍ദേശങ്ങള്‍ പരിഗണിക്കുക. മാര്‍ച്ച് 31 നകം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തീരുമാനമായിട്ടുളളത്. എംഎല്‍എമാര്‍ക്കും, ജില്ല പഞ്ചായത്തുകള്‍ക്കും, പിടിഎകള്‍ക്കും, മാനേജ്മെന്‍റുകള്‍ക്കും അധ്യാപക സംഘടനകള്‍ക്കും ഇക്കാര്യത്തിൽ ആവശ്യകതകളും നിര്‍ദേശങ്ങളും നൽകുന്നതിന് ഈ അവസരം വിനിയോഗിക്കാവുന്നതാണ്.