തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച് സര്‍ക്കാരിന്‍റെ കത്ത്. കത്തുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ സമീപിച്ചതായി എൽജിഎസ്, സിപിഒ റാങ്ക് ഹോൾഡേഴ്‌സ് അറിയിച്ചു. എല്‍ജിഎസ് സമരത്തിന് നേതൃത്വം നല്‍കുന്ന റിജുവിന്‍റെ പേരിലും സിപിഒ സമരത്തിന് നേതൃത്വം നല്‍കുന്ന വിഷ്‌ണുവിന്‍റെ പേരിലുമാണ് കത്ത് വന്നത്. എന്നാല്‍ രണ്ട് പേരും സ്ഥലത്തില്ലായിരുന്നതിനാല്‍ കത്ത് കൈമാറിയിട്ടില്ല.
വിഷ്‌ണു എത്തുമ്പോൾ എത്താം എന്നറിയിച്ച് ഉദ്യോഗസ്ഥർ മടങ്ങി.റിജു സ്ഥലത്തില്ലാതിരുന്നതിനാല്‍ സമരത്തിന് നേതൃത്വം നല്‍കുന്ന ലയാ രാജേഷിന്‍റെ പേരില്‍ കത്ത് നല്‍കണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അത് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. കത്തിന്‍റെ ഉള്ളടക്കം വ്യക്തമല്ല. സമരക്കാരുമായി ചർച്ച നടത്തണമെന്ന് സർക്കാരിന് സിപിഎം കഴിഞ്ഞ ദിവസം നിർദേശം വച്ചിരുന്നു. വിഷയത്തിൽ ഗവർണറും ഇടപെട്ടതിന് പിന്നാലെയാണ് സർക്കാർ നീക്കം.