തിരുവനന്തപുരം : കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന. 22 എണ്ണം അടപ്പിക്കുകയും 21 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്‌തു. ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ നടന്ന പരിശോധനയിൽ 429 ഹോട്ടലുകളിലാണ് പരിശോധന നടന്നത്.
സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 86 ഹോട്ടലുകൾക്കാണ് നോട്ടിസ് നൽകിയത്. 44 സാമ്പിളുകൾ പരിശോധിക്കുകയും 52 ഹോട്ടലുകൾക്ക് നിലവാരം മെച്ചപ്പെടുത്താൻ നോട്ടിസ് നൽകുകയും ചെയ്‌തു.
തിരുവനന്തപുരം ബുഹാരി ഹോട്ടലിൽ പരിശോധനയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടലുടമയും ജീവനക്കാരും ചേർന്ന് തടഞ്ഞു. ഇതോടെ പൊലീസിന്‍റെ സഹായത്തോടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ വൃത്തിഹീനമായ സാഹചര്യം ചുണ്ടിക്കാട്ടി ഹോട്ടൽ അടപ്പിക്കുകയായിരുന്നു.
കോട്ടയത്തെ യുവതിയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്താകെ പരിശോധന നടത്താൻ ആരോഗ്യമന്ത്രി വീണ ജോർജും നിർദേശം നൽകിയിരുന്നു. മോശം ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളെ സംബന്ധിച്ച് വീഡിയോ സഹിതം പരാതി സമർപ്പിക്കാനുള്ള പോർട്ടൽ തയാറാക്കി വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.