തിരുവനന്തപുരം: കെപിസിസി ട്രഷററായിരിക്കെ മരണമടഞ്ഞ വി പ്രതാപചന്ദ്രന്‍റെ മരണത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ചിലരുടെ മാനസിക പീഡനമായിരുന്നു എന്ന ആരോപണവുമായി കുടുംബം രംഗത്തു വന്നതിനു പിന്നാലെ ഇതു സംബന്ധിച്ച പരാതിയില്‍ ഡിജിപി നിയമോപദേശം തേടി. പ്രതാപചന്ദ്രന്‍റെ മക്കളായ പ്രജിത്, പ്രീതി എന്നിവരാണ് പരാതിയുമായി ഡിജിപിയെ സമീപിച്ചത്. കെപിസിസി ഫണ്ട് കട്ടുമുടിക്കുന്നു എന്ന തരത്തില്‍ ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച വാര്‍ത്തകള്‍ പ്രതാപചന്ദ്രന് അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്.
അപവാദ പ്രചാരണത്തിനു പിന്നിലുള്ളവര്‍ കോഴിക്കോട് സ്വദേശികളാണെന്നും അവര്‍ക്കെതിരെ പരാതി നല്‍കാന്‍ പ്രതാപചന്ദ്രന്‍ മരണത്തിനു മുന്‍പ് തീരുമാനിച്ചിരിന്നതായും പരാതിയില്‍ പറയുന്നു. ഇവരുടെ പേരുകള്‍ സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതിയുടെ പകര്‍പ്പ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുടുംബം കൈമാറി. നിയമോപദേശം ലഭിച്ച ശേഷം പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
Also Read: കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചു