തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്‌ധ സമിതി രൂപീകരിച്ചു. ദിവസങ്ങള്‍ നീണ്ടു നിന്ന തീപിടിത്തവും വിഷപുകയുടെ വ്യാപനവും മൂലം ഉണ്ടായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മുഴുവന്‍ വിശദമായി പരിശോധിക്കാനാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളതും ഭാവിയില്‍ വരാന്‍ സാധ്യതയുള്ളതുമായ രോഗങ്ങളെ കുറിച്ച് സമിതി പരിശോധിക്കും.
ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. കെ.ജെ റീന കണ്‍വീനറായാണ് സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ഇപ്പോഴുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍, അതില്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നവ, ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, അവ സൃഷ്‌ടിക്കുന്ന ഘടകങ്ങള്‍ എന്നിവ സമിതി വിശദമായി പരിശോധിക്കും. തീപിടിത്തം മൂലമുണ്ടായ വിഷപുകയും തീ അണയ്ക്കുന്നതിനായി പമ്പ് ചെയ്‌ത വെള്ളം ഒഴികിയെത്തിയതു മൂലം വെള്ളത്തിലോ മണ്ണിലോ മനുഷ്യ ശരീരത്തിലോ ഭക്ഷ്യ ശൃംഖലയിലോ വിഷാംശം ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കും.
സമതിയിലെ മറ്റംഗങ്ങള്‍: ടേംസ് ഓഫ് റഫറന്‍സ് പ്രകാരമുള്ള സമഗ്രമായ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് വിദഗ്‌ധ സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. കെ.ജെ റീന കണ്‍വീനറായാണ് സമിതിയില്‍ ആരോഗ്യ മേഖലയിലെ വിദഗ്‌ധരെയാണ് ഉള്‍പെടുത്തിയിരിക്കുന്നത്. കുഹാസ് പ്രൊ. വിസി ഡോ. സിപി വിജയന്‍, എന്‍ഐഐഎസ്‌ടി സീനിയര്‍ സയന്‍റിസ്‌റ്റ് ഡോ. പ്രതീഷ്, മഞ്ചേരി മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. അനീഷ് ടിഎസ്, തൃശൂര്‍ മെഡിക്കല്‍ കോളജ് പള്‍മണറി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. സഞ്ജീവ് നായര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്‍ഡോക്രൈനോളജി വിഭാഗം പ്രൊഫസര്‍ ഡോ. പി.കെ ജബ്ബാര്‍, കൊച്ചി അമൃത ഹോസ്‌പിറ്റല്‍ പീഡിയാട്രിക് പ്രൊഫസര്‍ (റിട്ട) ഡോ. ജയകുമാര്‍ സി, ചെന്നൈ സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റീജിയണല്‍ ഡയറക്‌ടര്‍ ഡോ. എച്ച്.ഡി വരലക്ഷ്‌മി, എസ്.എച്ച്.എസ്.ആര്‍.സി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഡോ. ജിതേഷ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
തീയണയ്ക്കാന്‍ എടുത്തത് 11 ദിവസം: മാര്‍ച്ച് രണ്ടിനാണ് ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റില്‍ തീപിടുത്തമുണ്ടായത്. 110 ഏക്കറോളം വരുന്ന മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. 11 ദിവസം എടുത്താണ് തീ അണയ്ക്കാനായത്. ഇതിനിടയില്‍ കൊച്ചി നഗരത്തില്‍ വിഷപുക പൂര്‍ണമായി മൂടുന്ന അവസ്ഥയുണ്ടായി.
പലര്‍ക്കും ശ്വാസ തടസവും കണ്ണിന് ചെറിച്ചിലും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. ഗുരുതരമാകുന്ന സ്ഥിതിയില്‍ ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായില്ലെങ്കിലും ഭാവിയില്‍ മറ്റ് രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് വിദഗ്‌ധ സമിതിയെ നിയോഗിച്ച് പഠനം എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
അതേസമയം, തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ ഇനി മുതല്‍ കൃത്യമായി ആസൂത്രണം ചെയ്‌തായിരിക്കും കൊച്ചിയില്‍ മാലിന്യ നിര്‍മാര്‍ജനം നടക്കുക. ഈ മാസം മുതല്‍ ഹരിത കര്‍മ സേനാംഗങ്ങള്‍ മാലിന്യ ശേഖരം നടപ്പാക്കും. ഇതിനായി ഹരിത കര്‍മ സേനയുടെ ആദ്യ ബാച്ചിന്‍റെ പരിശീലനം എറണാകുളത്ത് വച്ച് പൂര്‍ത്തിയായി.