തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് ചിഹ്നം നൽകുന്നതിനുള്ള പാർട്ടി ഭാരവാഹികളുടെ ശുപാർശ കത്ത് തിങ്കളാഴ്ച വരെ ഹാജരാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വേളയിൽ പാർട്ടി ഭാരവാഹികളുടെ കത്ത് ഹാജരാകണമെന്ന് ചില വരണാധികാരികൾ ആവശ്യപ്പെട്ടതായുള്ള പരാതിയെതുടർന്നാണ് കമ്മീഷൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.
സ്ഥാനാർഥിയുടെ പേരും ചിഹ്നവും തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് ശേഷം വരണാധികാരി ഫോറം-6ല്‍ രേഖപ്പെടുത്തണം. ഈ രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ചിട്ടുള്ള ചിഹ്നം തന്നെ നിർബന്ധമായി നൽകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ചിഹ്നം അനുവദിക്കാത്ത രാഷ്ട്രീയ പാർട്ടി സ്ഥാനാർഥികളെയും മറ്റു സ്ഥാനാർഥികളും സ്വതന്ത്രരായി പരിഗണിക്കണം. ഒരു സ്വതന്ത്ര ചിഹ്നത്തിന് ഒന്നിലധികം സ്ഥാനാർഥികൾ അപേക്ഷിച്ചാൽ നറുക്കെടുപ്പിലൂടെ ആർക്കെന്ന് തീരുമാനിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. തിങ്കളാഴ്ചയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.