തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍. പിണറായി വിജയനെ കൂടാതെ മറ്റ് ഉന്നതരുടെ പേരുപറയാനും സമ്മര്‍ദമുണ്ടായെന്ന് ഇയാള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മുഖ്യമന്ത്രി, സ്‌പീക്കര്‍, പി ശ്രീരാമകൃഷ്ണന്‍ മന്ത്രി കെടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചെന്നാണ് സന്ദീപിന്‍റെ മൊഴിയിലുള്ളത്.
കസ്റ്റഡിയിലും ജയിലിലും വച്ച് ഇതിനായി സമ്മര്‍ദം ചെലുത്തിയെന്ന് സന്ദീപ് പറയുന്നു. ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായാണ് ഇയാളെ ചോദ്യം ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു മൊഴിയെടുക്കല്‍. സന്ദീപിനെ അഞ്ച് മണിക്കൂര്‍ നേരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് ചോദ്യം ചെയ്തു. സന്ദീപിൻ്റെ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുമുണ്ട്. ഇ.ഡി കേസില്‍ റിമാൻഡിലുള്ള സന്ദീപ് നായരെ അവര്‍ അറിയാതെയാണ് ചോദ്യം ചെയ്‌തത്.
കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് ഇ.ഡിക്ക് നല്‍കിയിട്ടില്ല. ഇ.ഡിയുടെ വിശദീകരണം കേള്‍ക്കാതെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയതെന്നും കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചുവെന്നുമാണ് ഏജന്‍സിയുടെ വാദം. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍ ജില്ല ജഡ്ജിക്ക് കത്ത് നല്‍കിയിരുന്നു. ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.