തിരുവനന്തപുരം : ഡോക്‌ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്‌ടര്‍. പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോ അരുണ്‍ നേതൃത്വം നൽകിയ സംഘം ജയിലിലെത്തി പരിശോധന നടത്തിയാണ് സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ നടത്തേണ്ട പ്രശ്‌നങ്ങള്‍ സന്ദീപിന് ഇല്ലെന്നാണ് വിലയിരുത്തല്‍. എല്ലാ കാര്യങ്ങളോടും സ്വാഭാവികമായി തന്നെ സന്ദീപ് പ്രതികരിക്കുന്നുണ്ട്. റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് സന്ദീപിനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള നടപടികളിലേക്കാകും പൊലീസ് ഇനി കടക്കുക. ഇതിനായി അന്വേഷണ സംഘം കോടതിയില്‍ നാളെ അപേക്ഷ നൽകും.
കൊലപാതകം നടന്ന ദിവസത്തെ ആശുപത്രിയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ അന്വേഷണ സംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. താന്‍ ലഹരിക്ക് അടിമപ്പെട്ട ഒരാള്‍ അല്ലെന്നാണ് സന്ദീപ് ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൊലപാതകം നടന്ന ദിവസം താന്‍ മദ്യപിച്ചിരുന്നു. കരാട്ടെ പഠിച്ച തന്നെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും പിന്തുടരുകയും ചെയ്‌തതോടെയാണ് പൊലീസിനെ വിളിച്ചത്.
തുടര്‍ന്ന് ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്‌ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. പുരുഷ ഡോക്‌ടറെയാണ് ആക്രമിക്കാന്‍ ലക്ഷ്യം വെച്ചത്. സംഭവം നടന്ന ദിവസം താന്‍ കൊല്ലപ്പെടുമെന്ന് തോന്നിയതായും സന്ദീപ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഇതടക്കം പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണത്തിന്‍റെ ചുമതല. സംഭവത്തിന് പിറകെ ഡോക്‌ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും സംഘടനകള്‍ വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു നടത്തിയത്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് പിന്‍വലിച്ചത്.
കൊലപാതകം ബോധപൂർവം : കൊലപാതകം നടത്തിയ സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കൊലപ്പെട്ട ഡോ വന്ദന ദാസിന്‍റെ സഹപ്രവര്‍ത്തകര്‍ നേരത്തേ തന്നെ പ്രതികരിച്ചിരുന്നു. പ്രതി ബോധമില്ലാതെയാണ് കൊലപാതകം നടത്തിയതെന്ന പ്രചാരണം സംസ്ഥാനത്തുടനീളം നടക്കുന്നുണ്ട്.
എന്നാല്‍ ബോധപൂര്‍വമാണ് ഇയാള്‍ കൊല നടത്തിയത്. കയ്യിൽ ഒളിപ്പിച്ച് വച്ചിരുന്ന കത്രിക ഉപയോഗിച്ചാണ് ഡോക്‌ടർ വന്ദനയെ ഇയാള്‍ കുത്തിയത്. കൂടാതെ കൊലപാതകത്തിന് ശേഷം കത്രിക കഴുകിയ ശേഷം തിരിച്ച് അതേ സ്ഥലത്ത് വയ്ക്കുകയും ചെയ്‌തു. മാനസിക നില തെറ്റിയ ഒരാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ല.
നല്ല ബോധത്തോടെയാണ് ഇയാള്‍ കൊലപാതകം നടത്തിയിരിക്കുന്നത്. ബോധത്തോടെ അല്ലെങ്കില്‍ എന്തിനാണ് പ്രതി ആരും കാണാത്ത വിധം കത്രിക കൈയില്‍ ചുരുട്ടി പിടിച്ചിരുന്നത്. ഇത് വെറും കത്രികയല്ല. അറ്റം വളഞ്ഞിരിക്കുന്ന ഉപകരണമാണ്. വളരെ ആഴത്തിലുള്ള മുറിവാകും ഈ കത്രിക ഉപയോഗിച്ച് കുത്തിയാല്‍ ഉണ്ടാവുക.
മാത്രവുമല്ല രക്തക്കറ പൂര്‍ണമായും മാറുന്ന തരത്തില്‍ വൃത്തിയായി കഴുകിയാണ് ഇയാള്‍ യഥാസ്ഥാനത്ത് ഇത് തിരികെ വച്ചത്. എത്രയൊക്കെ പറഞ്ഞാലും വന്ദനയുടെ മാതാപിതാക്കള്‍ക്ക് മാത്രമാണ് നഷ്‌ടമെന്നുമായിരുന്നു സഹപ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രതികരിച്ചിരുന്നത്.