തിരുവനന്തപുരം: വീടിൻ്റെ നിർമാണ കരാർ പണി ഏറ്റെടുത്ത് പൂർത്തിയാക്കിയിട്ടും വീട്ടുടമ തുക നൽകുന്നില്ല എന്ന് ആരോപിച്ച് തെങ്ങിൻ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ കരാറുകാരൻ താഴെയിറങ്ങി. പൊലീസുകാരും ജനപ്രതിനിധികളും നടത്തിയ മധ്യസ്ഥതയിൽ പണം നൽകാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പാലിയോട് സ്വദേശി സുരേഷ് തെങ്ങിൽ നിന്നും താഴെയിറങ്ങിയത്. ചെങ്കൽ സ്വദേശി വിജയന്‍റെ വീട് നിർമിച്ചു നൽകിയതിൽ നാല് ലക്ഷം രൂപ നൽകാനുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു യുവാവിന്‍റെ ആത്മഹത്യ ഭീഷണി.
നിർമാണം പൂർത്തിയാക്കിയ വീടിന്‍റെ മുൻപിലത്തെ തെങ്ങിൽ കയറി സുരേഷ് ഇന്ന് രാവിലെ മുതൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കണക്കുകൾ ഒത്തുനോക്കി കാശ് നൽകാൻ തയാറാണെന്ന് പറഞ്ഞ് പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ മധ്യസ്ഥത വഹിച്ച് രംഗത്തെത്തിയെങ്കിലും നൽകാനുള്ള കാശ് ബാങ്കിലിട്ട് രേഖ കാണിച്ചാൽ മാത്രമേ താഴെയിറങ്ങൂ എന്ന നിലപാടിലായിരുന്നു കരാറുകാരൻ. എന്നാൽ സുരേഷ് ആവശ്യപ്പെടുന്നയത്ര തുക നൽകാനില്ല എന്നാണ് വീട്ടുടമസ്ഥന്‍റെ വാദം.
2020ൽ നിർമാണം ആരംഭിച്ച വീടിന്‍റെ പൂർത്തീകരണത്തിന് 40 ലക്ഷം രൂപയായിരുന്നു കരാർ. എന്നാൽ പ്രാരംഭ കാലഘട്ടത്തിൽ തന്നെ കരാറുകാരനും, വീട്ടുടമയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. യുവാവിനെ അനുരഞ്ജനപ്പെടുത്തി താഴെയിറക്കാൻ പാറശാല പൊലീസും, ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.