തിരുവനന്തപുരം : അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷനിലായിരുന്ന അയിരൂര്‍ എസ്എച്ച്ഒയെ സര്‍വീസില്‍ നിന്ന് പുറത്താക്കി. അയിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ മുന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആര്‍ ജെയസനിലിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവിറക്കി. റിസോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ വ്യാജമായി കേസ് കെട്ടി ചമച്ചതായി തെളിവു ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
മുൻപ് കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്നയാളാണ് ജെയസനില്‍. സസ്‌പെന്‍ഷനിലുള്ള ഇയാള്‍ക്കെതിരെ നടത്തിയ അന്വേഷണത്തില്‍ അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ വര്‍ഷം രണ്ടാം തവണയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് സേനയില്‍ നിന്നും ഉദ്യോഗസ്ഥരെ നീക്കം ചെയ്യുന്ന നടപടി സ്വീകരിക്കുന്നത്.
ഈ വര്‍ഷമാദ്യം തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ഗുണ്ട ആക്രമണങ്ങളെ തുടര്‍ന്നാണ് പൊലീസ് സേനയിലെ അച്ചടക്ക നടപടികള്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും ശക്തിപ്പെടുത്തുന്നത്. കുപ്രസിദ്ധ ഗുണ്ട നേതാക്കളായ ഓം പ്രകാശും പുത്തന്‍ പാലം രാജേഷും ഉള്‍പ്പെട്ട ഗുണ്ട സംഘങ്ങള്‍ പലപ്പോഴായി ആക്രമണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു.
എന്നാല്‍ ഇവരെ പിടികൂടാനായി നടത്തിയ അന്വേഷണം ഇഴയുകയായിരുന്നു. ഇതു മാധ്യമങ്ങളിൽ വാര്‍ത്തയാവുകയും വിവാദമാവുകയും ചെയ്‌തു. ഇതിനു പിന്നാലെ അന്വേഷണം ഇഴയാനുള്ള സാഹചര്യം പരിശോധിക്കാന്‍ എഡിജിപി, കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നേരിട്ട് പരിശോധന നടത്തിയപ്പോഴാണ് പൊലീസ്, ഗുണ്ട ബന്ധം പുറത്തു വരുന്നത്. ഇതോടെ പൊലീസ് സേനയ്‌ക്കുള്ളില്‍ വ്യാപകമായി വിജിലന്‍സ് പരിശോധന ശക്തിപ്പെടുകയും നിരന്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും വഴിവിട്ട ബന്ധങ്ങള്‍ സൂക്ഷിക്കുകയും ചെയ്‌തിരുന്ന പൊലീസുകാരെ ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കുകയും ചെയ്‌തിരുന്നു.
തിരുവനന്തപുരത്തെ മംഗലപുരം പൊലീസ് സ്റ്റേഷനിലെ സ്വീപ്പര്‍ ഒഴികെ മറ്റെല്ലാ പൊലീസുകാരെയും സ്ഥലം മാറ്റുകയും എസ്ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു. ചെറിയൊരു ഇടവേളയ്‌ക്കു ശേഷമാണ് പൊലീസ് സേനയില്‍ വീണ്ടും അച്ചടക്ക നടപടികൾ സ്വീകരിക്കുന്നത്.