തിരുവനന്തപുരം: ആന്തൂർ നഗരസഭയിൽ പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ പഞ്ചായത്ത് - നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാറയിൽ സാജന്റെ ആത്മഹത്യ സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് അംഗം കെഎം ഷാജി നോട്ടീസ് നൽകിയ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച് മുന്‍സിപ്പല്‍ പഞ്ചായത്ത് രാജ് നിയമങ്ങളില്‍ സെക്രട്ടറിക്ക് മാത്രമാണ് അധികാരമുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണല്‍ മുമ്പാകെ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. ചെയര്‍മാനോ കൗണ്‍സിലിനോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനോ അപ്പീല്‍ കേള്‍ക്കാനോ ഉള്ള അധികാരമില്ല. ഈ സാഹചര്യത്തിലാണ് തദ്ദേശഭരണ വകുപ്പ് സെക്രട്ടറിമാരുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന കാര്യം ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
നിലവില്‍ ഇത്തരം ട്രിബ്യൂണല്‍ തിരുവനന്തപുരത്ത് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കൂടി ഈ സംവിധാനം വിപുലപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.