തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എം.ശിവശങ്കർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കാക്കനാട് ജയിലിലെത്തിയാണ് കസറ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത് .ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകിയിരുന്നു.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റംസ് കസ്റ്റഡി അപക്ഷേ കോടതിയിൽ സമർപ്പിക്കും. നേരത്തെ മുപ്പത് മണിക്കൂർ ചോദ്യം ചെയ്‌ത് വിട്ടയച്ച എം.ശിവശങ്കറിനെ കോടതിയുടെ അനുമതിയോടെയാണ് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്‌തത്. സ്വപ്‌ന സുരേഷിനെയും കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തത്. ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് തിങ്കളാഴ്‌ച കോടതിയെ അറിയിച്ചിരുന്നു.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് പിന്നാലെയാണ് കസ്റ്റംസും എം.ശിവശങ്കറിനെ പ്രതി ചേർത്തത്. ശിവശങ്കറിൻ്റെ ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് നൽകിയ റിപ്പോർട്ടാണ് എം. ശിവശങ്കറിലേക്ക് തന്നെ വീണ്ടും നീങ്ങാൻ പ്രധാന കാരണമായത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമായിരുന്നു ഇ.ഡി ശിവശങ്കറിനെ പ്രതി ചേർത്തിരുന്നത്. എന്നാൽ സ്വർണക്കടത്ത് കേസിലാണ് കസ്റ്റംസ് എം.ശിവശങ്കറിനെ പ്രതിയാക്കിയത്.