തിരുവനന്തപുരം: അഴിമതിയില്‍ നിന്നും രക്ഷപ്പെടാന്‍ സിപിഎം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ വിസി നിയമനത്തില്‍ തന്‍റെ അഭിപ്രായം മുസ്‌ലിം വിരുദ്ധമായി സിപിഎം പ്രചരിപ്പിച്ചുവെന്നും പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു.
യോഗ്യതയുള്ളവര്‍ നിയമിക്കപ്പെടണമെന്നാണ് താന്‍ പറഞ്ഞത്. മതിയായ യോഗ്യതകളില്ലാത്ത പല നിയമനങ്ങളും സര്‍വകലാശാലയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രോ.വിസിയുടെ നിയമനം ഓര്‍ഡിനന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഹകരണത്തില്‍ നയപരമായ തീരുമാനം മുന്നണി ഇതുവരെ എടുത്തിട്ടില്ല. അത് ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് വെല്‍ഫെയര്‍ പാര്‍ട്ടി തന്നെ സഹായിച്ചിരുന്നെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.