തിരുവനന്തപുരം : സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിമാരായി പി.പി സുനീറിനെയും കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരനെയും സംസ്ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. നിലവിലെ അസിസ്റ്റന്‍റ് സെക്രട്ടറിമാരായിരുന്ന കെ പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇരുവരെയും ഒഴിവാക്കിയാണ് പുതിയ സംസ്ഥാന കൗണ്‍സില്‍ അസിസ്റ്റന്‍റ് സെക്രട്ടറിമാരെ തെരഞ്ഞെടുത്തത്.
പുതിയ എക്‌സിക്യുട്ടീവില്‍ ആറ് പേര്‍ പുതുമുഖങ്ങളാണ്. ആര്‍ രാജേന്ദ്രന്‍, മന്ത്രി ജി.ആര്‍ അനില്‍, കെ.കെ അഷ്‌റഫ്, കമല സദാനന്ദന്‍, സി.കെ.ശശീന്ദ്രന്‍ എന്നിവര്‍. ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ പ്രകാശ് ബാബുവിനെ സംസ്ഥാന എക്‌സിക്യുട്ടീവിലേക്ക് പരിഗണിച്ചില്ല. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ പി.സന്തോഷ്‌കുമാര്‍ എം.പിയെയും പരിഗണിച്ചില്ല.
അതേസമയം, പാര്‍ട്ടിയുടെ ജനകീയ മുഖം എന്നറിയപ്പെടുന്ന മുന്‍ മന്ത്രി വി.എസ് സുനില്‍കുമാറിനെ സംസ്ഥാന എക്‌സിക്യുട്ടീവിലേക്ക് ഇത്തവണയും പരിഗണിച്ചില്ല. വിജയവാഡയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുനില്‍കുമാര്‍ തഴയപ്പെട്ടിരുന്നു. പ്രായ പരിധിയുടെ പേരില്‍ മുതിര്‍ന്ന നേതാക്കളായ സി.ദിവാകരനും കെ.ഇ ഇസ്‌മയിലും സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഇതേ രീതിയില്‍ പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന കൗണ്‍സിലില്‍ നിന്നും ദേശീയ കൗണ്‍സിലില്‍ നിന്നും ഒഴിവായി.