തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്ക വർധിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ വ്യാപനത്തിന്‍റെ തീവ്രത രൂക്ഷമാകുന്ന സാഹചര്യമാണ്. ഏപ്രിൽ പകുതിയിൽ രണ്ടായിരത്തിൽ താഴെയായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം എങ്കിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ എത്തിയപ്പോഴേക്കും കൊവിഡ് ബാധിതരുടെ എണ്ണത്തിലും വർധനവുണ്ടായി. ഏപ്രിൽ ആദ്യ വാരം മുതൽ 2500ൽ അധികം കേസുകളും വോട്ടെടുപ്പ് നടന്ന ഏപ്രിൽ 4 മുതലുള്ള ദിവസങ്ങളിൽ 3500ലധികം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കൊവിഡിന്‍റെ രണ്ടാം തരംഗം കേരളത്തിൽ രൂക്ഷമാകുമെന്നതാണ് കണക്കുകൾ നൽകുന്ന സൂചന. സംസ്ഥാനത്ത് ഇന്നലെ മാത്രം 4353 പേർക്കാണ് കോവിഡ് ബാധിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൂട്ടൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിനു മുകളിൽ കടന്നിരുന്നു. ഇത് വരാൻപോകുന്ന തീവ്ര വ്യാപനത്തിന്‍റെ ലക്ഷണമായാണ് കണക്കാക്കുന്നത്. അതിനാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. ഇതിന്‍റെ ഭാഗമായി ഇന്നലെ മുതൽ തന്നെ പൊലീസ് പരിശോധന ശക്തമാക്കി കഴിഞ്ഞു. വാണിജ്യ സ്ഥാപനങ്ങളിൽ അടക്കം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെടിയെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 131968 പേർക്കാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് ഒരു ലക്ഷത്തിലേറെ പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരും ആയി വീഡിയോ കോൺഫറൻസിങ് നടത്തിയിരുന്നു. മൈക്രോ കൺടെയ്ൻമെന്‍റ് സോണുകൾ രൂപവത്കരിക്കാൻ അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. രോഗവ്യാപനം കൂടുന്ന മേഖലകളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിക്കണമെന്നും 70% എങ്കിലും ആർടിപിസിആർ പരിശോധന നടത്തണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. കൊവിഡ് വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനും ഏപ്രിൽ 11 മുതൽ 14 വരെ വാക്‌സിനേഷൻ ഡ്രൈവ് നടത്താനും നിർദേശം നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.