തിരുവനന്തപുരം: ചെത്തു കുറഞ്ഞതോടെ നാട്ടിൽ കള്ളും കുറഞ്ഞു. ആളില്ലാതായതോടെ ഷാപ്പിൽ ആരവങ്ങളുമില്ലാതായി. തെരഞ്ഞെടുപ്പു കാലത്ത് നാട്ടുവർത്തമാനം പറയാനും ആരു ജയിക്കുമെന്ന് പന്തയം വയ്ക്കാനും കള്ളുഷാപ്പുകളിൽ ഇപ്പോൾ ആരുമില്ല. ഇരുന്നു കുടിക്കാൻ കസേരയിടാൻ പോലും കൊറോണ സമ്മതിക്കുന്നില്ല. കള്ളിനൊപ്പം കപ്പയും കരിമീനും ചെമ്മീനുമൊക്കെ ഇരുന്നുകഴിച്ച് നേരം പോക്കിയവർക്ക് തൽക്കാലം ഓർമകൾ അയവിറക്കി ലഹരി നുണയാം.
കൂടാതെ ചെത്തു തൊഴിലാളികളും പ്രതിസന്ധിയിലാണ്. കള്ളുഷാപ്പുകളുടെ എണ്ണവും കുറഞ്ഞു. പേരുകേട്ട ഷാപ്പുകൾ പലതും കള്ള് ഒഴിവാക്കി 'ഷാപ്പിലെ കറി' എന്ന പേരിൽ ഹോട്ടൽ രൂപത്തിലേക്ക് മാറി. എത്രനാൾ, എങ്ങനെ, ഈ വ്യവസായം മുന്നോട്ടു കൊണ്ടുപോകുമെന്ന് ധാരണയില്ലെന്നാണ് ഷാപ്പുടമകൾ പറയുന്നത്.