തിരുവനന്തപുരം : നഗരസഭയിൽ യുഡിഎഫ് വനിത കൗൺസിലർമാരെ അസഭ്യം പറയുകയും മുണ്ട് പൊക്കി കാണിക്കുകയും ചെയ്‌ത ഡെപ്യൂട്ടി മേയർ പി കെ രാജു രാജിവയ്ക്കണമെന്ന് കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്‌പം. കൗൺസിൽ യോഗങ്ങളിൽ പോലും പി കെ രാജു വളരെ മോശമായാണ് മറ്റ് അംഗങ്ങളോട് പെരുമാറുന്നതെന്നും മേരി പുഷ്‌പം ആരോപിച്ചു. നിലവിലെ സംഭവത്തിൽ പി കെ രാജുവിനെതിരെ സിറ്റി പൊലീസ് കമ്മിഷണർക്ക് നേരിട്ട് പരാതി നൽകി.
നിയമനടപടി സ്വീകരിക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്‌തു. സംഭവത്തിൽ പി കെ രാജുവിനെതിരെ കർശന നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും മേരി പുഷ്‌പം വ്യക്തമാക്കി.രാജി ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ നഗരസഭ കവാടത്തിന് മുന്നിൽ പി കെ രാജുവിന്‍റെ കോലം കത്തിച്ചു.
വെള്ളിയാഴ്‌ച വൈകുന്നേരം നഗരസഭ കവാടത്തിനുമുമ്പില്‍ സമരം നടത്തുകയായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍. ഇതിനിടയില്‍ കയറിവന്ന പി കെ രാജു അസഭ്യം പറഞ്ഞു. മോശമായി സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ വസ്ത്രം ഉയര്‍ത്തി കാണിക്കുകയായിരുന്നു എന്നാണ് പരാതി. വനിത കൗണ്‍സിലര്‍മാരടക്കം അവിടെ ഉണ്ടായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.