തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളിൽ 60 ശതമാനം വരെ പുതുമുഖങ്ങളായിരിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എച്ച്.കെ പാട്ടീൽ. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ കേരളത്തിലെ അധ്യക്ഷനാണ് എച്ച്.കെ പാട്ടീൽ.
യുവാക്കൾക്കും സ്ത്രീകൾക്കുമായിരിക്കും കൂടുതൽ പരിഗണന. രണ്ട് തവണ തുടർച്ചയായി മത്സരിച്ച് തോറ്റവർക്കും കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവർക്കും സീറ്റ് ഉണ്ടാകില്ലെന്നും പാട്ടീൽ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കും സീറ്റ് ഉണ്ടാകില്ല. അതേസമയം സിറ്റിങ് എംഎൽഎമാർക്ക് മത്സരിക്കുന്നതില്‍ തടസമുണ്ടാകില്ല. കോൺഗ്രസ് അധികാരത്തിൽ വരണമെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും എച്ച്.കെ പാട്ടീൽ പറഞ്ഞു.
എ.ഐ.സി.സി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രസക്തിയില്ലെന്നും എല്‍.ഡി.എഫാണ് മുഖ്യ എതിരാളി എന്നും പാട്ടീല്‍ പറഞ്ഞു. സ്‌ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. മാർച്ച് പത്തിനകം അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നേതാക്കള്‍ ഡല്‍ഹിക്ക് വരേണ്ടതില്ലെന്നും മണ്ഡലങ്ങളില്‍ സജീവമാകണമെന്നും നേതൃത്വം നിര്‍ദേശിച്ചു.