മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ചേർന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. ഈ പട്ടികയുമായി മൂവരും നാളെ ഡൽഹിയിലേയ്ക്ക് പോകും. തിങ്കളാഴ്ച കേന്ദ്ര സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്ന് പട്ടിക ചർച്ച ചെയ്യും. സിറ്റിംങ് സീറ്റുകൾ ഒഴികയുള്ള സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടികയാണ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടത്. ആറ്റിങ്ങലിൽ അടൂർ പ്രകാശിനെ പരിഗണിക്കുമ്പോൾ ഇടുക്കിയിൽ ജോസഫ് വാഴയ്ക്കൻ, ഡീൻകുര്യാക്കോസ് എന്നിവരുടെ പേരുകൾക്കാണ് മുൻ തൂക്കം.
ചാലക്കുടിയിൽ ബെന്നി ബഹനാനാണ് ആദ്യ പരിഗണന. ടിഎൻ പ്രതാപന്റെ പേരും ഇവിടെ ഉയരുന്നുണ്ട്. തൃശൂരിലും പ്രതാപന്റെ പേരിനാണ് മുൻതൂക്കം. കണ്ണൂരിൽ കെ. സുധാകരൻ തന്നെയാവാനാണ് സാധ്യത. കാസർകോട് കെ സുബ്ബയ്യറായിയുടെ പേരിനാണ് മുൻതൂക്കം. പാലക്കാട് വി. കെ ശ്രീകണ്ഠനാണ് ആദ്യപരിഗണന. ആലത്തൂരിൽ കെ. എ തുളസിക്കൊപ്പം രണ്ട് പുതുമുഖങ്ങളെ കൂടി പരിഗണിക്കുന്നുണ്ട്.