തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാന്‍ ട്രെയിന്‍ ടിക്കറ്റെടുത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിക്കറ്റെടുത്തവര്‍ക്ക് ഇനിയും രജിസ്‌ട്രേഷന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. എസിയില്‍ രോഗവ്യാപന സാധ്യതയുള്ള സാഹചര്യത്തില്‍ ബുധനാഴ്‌ച മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ട്രെയിനുകളില്‍ എസി ഒഴിവാക്കണമെന്ന് റെയില്‍വെയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജധാനി എക്‌സ്പ്രസിന് കേരളത്തിലുള്ള എല്ലാ സ്റ്റോപ്പുകളിലും ട്രെയിന്‍ നിര്‍ത്തണമെന്ന് റെയില്‍വെയോട് അഭ്യര്‍ഥിച്ചു.
ട്രെയിനുകളില്‍ വരുന്നവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വിമാനത്താവളങ്ങളിലേക്ക് സമാനമായി റെയില്‍വെ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. കേരളത്തിലെ മുഴുവന്‍ റെയില്‍വെ സ്റ്റേഷനുകളുടെയും ചുമതല ഡിഐജി എ.അക്ബറിനായിരിക്കും. ഓരോ റെയില്‍വെ സ്‌റ്റേഷനുകള്‍ക്കും ഓരോ എസ്‌പിമാര്‍ക്ക് സുരക്ഷാ ചുമതല നല്‍കും. സംസ്ഥാനത്തിന് പുറത്തുനിന്നും റോഡുമാര്‍ഗം അതിര്‍ത്തി കടക്കുന്നവരെ പൊലീസ് വീട് വരെ അനുഗമിക്കും. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പൊലീസിന്‍റെ ചുമതലയാണ്. കൊവിഡ് പ്രതിരോധം മൂന്നാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ഇനി ഹോം ക്വാറന്‍റൈനല്ല മറിച്ച് റൂം ക്വാറന്‍റൈനാണ് ആവശ്യമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.