തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെയും ഗതാഗത നിയമങ്ങൾ പാലിക്കാത്തവർക്കെതിരെയും നടപടി കർശനമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ഹൈവേ പട്രോളിങ് ശക്തിപ്പെടുത്തണം. ഹോട്ട്സ്പോട്ടുകളിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കണം ഒന്നിലധികം തവണ കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും നടപടിയെടുക്കണം. ബൈക്ക് സ്റ്റണ്ട് തടയുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബര്‍ പട്രോളിങ് ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
ക്യാമറ സ്ഥാപിക്കുന്നതിന് പുറമെ അവ പ്രവർത്തിക്കുന്നുണ്ടോ എന്ന് കൂടി ഉറപ്പ് വരുത്തണം. ആർട്ടിഫിഷ്യൽ ഇന്‍റലിജിൻസ് ക്യാമറ ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ നിയന്ത്രിക്കണം. നമ്പർ പ്ലേറ്റ് തിരിച്ചറിയാന്‍ സഹായിക്കുന്നതിന് വികസിപ്പിച്ച ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്നേഷന്‍ (എഎന്‍പിആര്‍) കാമറകള്‍ ഇ ചലാന്‍ സംവിധാനവുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മറ്റ് നിർദേശങ്ങൾ: കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ രൂപരേഖ തയ്യാറാക്കണം. റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയായിരിക്കണം സംസ്ഥാനത്തെ ട്രാഫിക് എഞ്ചിനീയറിങ് ഡിസൈൻസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വഴിവിളക്ക് സ്ഥാപിക്കല്‍ ഉള്‍പ്പെടെ റോഡ് സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.
കോമ്പൗണ്ടബിള്‍ ഒഫന്‍സെസ് പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട കുറ്റകൃത്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് ഭേദഗതി ചെയ്യേണ്ടതുണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ അതിനായുള്ള നടപടി കൈക്കൊള്ളണം. ഗുഡ്‌സ് വാഹനങ്ങള്‍ അമിത ഭാരവുമായി വരുന്നത് നിയന്ത്രിക്കാന്‍ റവന്യൂ, മൈനിങ് ആന്‍റ് ജിയോളജി, ലീഗല്‍ മെട്രോളജി, മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് എന്നിവര്‍ ഏകോപിതമായി ഇടപെടണം.
ഹെവി വെഹിക്കിളിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് പരിശോധിന നടത്തി റിപ്പോർട്ട് സമർപ്പിക്കണം. ഏറ്റവും പുതിയ റിയൽ ടൈം ആക്‌സിഡന്‍റ് നാറ്റ്പാക് ലഭ്യമാക്കണം. സ്‌കൂൾ കുട്ടികളുടെ വിനോദസഞ്ചാരത്തിന് തയ്യാറാക്കിയ മാർഗരേഖ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
ദേശീയ പാതകളിലും സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട മറ്റ് പാതകളിലും റോഡ് സുരക്ഷ ഓഡിറ്റ് നടത്തി റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കുട്ടികളുടെ സിലബസില്‍ റോഡ് സുരക്ഷയെക്കുറിച്ച് ഉള്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ ഗതാഗതമന്ത്രി ആന്‍റണി രാജു, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, കമ്മിഷണര്‍ എസ് ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.