തിരുവനന്തപുരം: ചാല ഗവണ്‍മെന്‍റ് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം. 2022-2023 അധ്യായന വർഷത്തിൽ പ്ലസ് വൺ സയൻസ് (ബയോ മാത്‍സ് ), ഹ്യുമാനിറ്റീസ് ( ജേർണലിസം, സൈക്കോളജി, ഇംഗ്ലീഷ് ലിറ്ററെച്ചർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ) ബാച്ചുകളിലേക്ക്, ഓൺലൈൻ ആയി പെൺകുട്ടികൾക്കും അപേക്ഷിക്കാം. 1041 ആണ് സ്‌കൂൾ കോഡ്.
ഹയർ സെക്കൻഡറി വിഭാഗത്തിലെ ജേണലിസം കോഴ്‌സിൽ പ്രവേശനം ആൺകുട്ടികൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നഗരത്തിൽ ചാല സ്‌കൂളിൽ മാത്രമാണ് ഈ കോഴ്‌സ് ഉള്ളത്. പിന്നെയുള്ളത് വെള്ളനാട് സ്‌കൂളിലാണ്. ഇതെല്ലാം പരിഗണിച്ചാണ് അധികൃതരും പി.ടി.എ.യും ചേർന്ന് വിദ്യാഭ്യാസമന്ത്രിക്ക് അപേക്ഷ നൽകിയത്.
കഴിഞ്ഞ മാർച്ച് ആദ്യവാരമാണ് പെൺകുട്ടികൾക്ക് പ്രവേശനം നൽകാൻ സ്‌കൂൾ അധികൃതർ അനുമതി തേടിയത്. സ്‌കൂൾ അധികൃതരും പി.ടി.എ.യും നൽകിയ ശിപാർശ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അംഗീകരിക്കുകയായിരുന്നു. ആൺ, പെൺ വേർതിരിവ് മാറ്റുന്ന ജില്ലയിലെ ആദ്യ സ്‌കൂളാണ് ചാല ബോയ്‌സ് സ്‌കൂളെന്ന് അനുമതി നല്‍കിയ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.