തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കുന്നതിന് ആയിരം പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം. 400 അസിസ്റ്റന്‍റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്സ് ഗ്രേഡ് 2200 ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2 എന്നീ തസ്തികകള്‍ സൃഷ്ടിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
ഡിഎഫ്എഫ്‌ടി പരിശീലനം കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന സഞ്ജയ് എം കൗളിനെ തുറമുഖ വകുപ്പ് സെക്രട്ടറിയായി നിയമിക്കും. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറുടെ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന വിആര്‍ പ്രേംകുമാറിനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി നിയമിക്കും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും സാമ്പത്തിക ആസൂത്രണകാര്യ വകുപ്പ് (സിപിഎംയു) ഡയറക്ടറുടെയും ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിങ് കൗണ്‍സലായി സേവനമനുഷ്ഠിക്കുന്ന ജി പ്രകാശിന്‍റെ കാലാവധി മൂന്നു വര്‍ഷത്തേക്കു കൂടി നീട്ടാനും മന്ത്രിസഭ തീരൂമാനിച്ചു.
ടൂറിസ്റ്റ് വിസയില്‍ ചൈനയിലെത്തി അവിടെ വച്ച് മരണപ്പെട്ട ആലപ്പുഴ ആലിശ്ശേരി വഹീദാ കോട്ടേജില്‍ മിര്‍സ അഷ്റഫിന്‍റെ ഭൗതിക ശരീരം തിരികെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റിന് ചെലവായ 8,28,285 രൂപ സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നും അനുവദിക്കാനും തീരുമാനമായി.
പൊതുമരാമത്ത് വകുപ്പിലെ എസ്എല്‍ആര്‍ ജീവനക്കാര്‍ക്ക് അവധി ആനുകൂല്യങ്ങള്‍ അനുവദിച്ചു നൽകും.വര്‍ഷത്തില്‍ 15 ദിവസം ആകസ്മിക അവധിയും 20 ദിവസത്തെ ഡ്യൂട്ടിക്ക് ഒരു ദിവസം എന്ന നിരക്കില്‍ ആര്‍ജ്ജിത അവധിയും നിലവിലുള്ള ജീവനക്കാര്‍ക്കുള്ളതുപോലെ സറണ്ടര്‍ ആനുകൂല്യവും അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.