തിരുവനന്തപുരം : ബ്രൂവറി അഴിമതി കേസിൽ സർക്കാരിന്‍റെ അനുവാദം ലഭിക്കാത്തതിനാൽ സ്വകാര്യ ഹർജി നിലനിൽക്കില്ലെന്ന് കാട്ടി വിജിലൻസ് നിയമോപദേശകൻ കോടതിൽ അപേക്ഷ നൽകി. എന്നാൽ ഇത്തരം തർക്കങ്ങൾ സമർപ്പിക്കാൻ വിജിലൻസ് നിയമോപദേശകന് നിയമപരമായി അധികാരമില്ലെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോടതി സ്വകാര്യ ഹർജിയിലുള്ള വസ്തുതകൾ പരിശോധിക്കുകയാണ്.
ഈ ഘട്ടത്തിൽ വിജിലൻസ് അഭിഭാഷകന് ഇത്തരം അപേക്ഷകൾ സമർപ്പിക്കാൻ അധികാരം ഇല്ല. ഇത്തരം വ്യവസ്ഥകൾ ക്രിമിനൽ നടപടി ചട്ടത്തിൽ പരാമർശിക്കുന്നില്ലെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട ലൈസൻസ് നൽകിയ സർക്കാർ ഫയലുകൾ ഹാജരാക്കുന്നതിൽ വിജിലൻസിന് എതിര്‍പ്പ് ഉണ്ടെങ്കിൽ തർക്കഹര്‍ജി സമർപ്പിക്കാനാണ് കോടതി കഴിഞ്ഞതവണ നിർദേശം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രൂവറിക്ക് ലൈസൻസ് നൽകിയ സമയത്തുള്ള സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് വിജിലൻസിന്‍റെ പുതിയ നീക്കം. കേസ് കോടതി ഈ മാസം 14 ന് വീണ്ടും പരിഗണിക്കും.