തിരുവനന്തപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ 60 ദിവസമായിട്ടും ചെയ്‌തില്ലെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ രക്ഷിതാക്കളുടെ കുത്തിയിരിപ്പ് സമരം. നെയ്യാറ്റിൻകര മാരായമുട്ടം പൊലീസ് സ്റ്റേഷന് മുന്നിലാണ് നീതി ആവശ്യപെട്ടുകൊണ്ടുള്ള രക്ഷിതാക്കളുടെ സമരം. ഭിന്നശേഷിക്കാരിയായ 34 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ 60 ദിവസം പിന്നിട്ടിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് വയോധികരായ രക്ഷിതാക്കളുടെ ആരോപണം. വൃദ്ധദമ്പതികൾ സ്റ്റേഷനുമുന്നിൽ പ്ലക്കാർഡുമായി കുത്തിയിരുന്നാണ് സമരം ചെയ്യുന്നത്. സെപ്റ്റംബർ എട്ടിനായിരുന്നു കേസിനാസ്‌പദമായ സംഭവമെന്ന് രക്ഷിതാക്കള്‍ പറയുന്നു.
വീട്ടിലെത്തിയ ഇലക്ട്രീഷ്യനായ കൂവോട് സ്വദേശി അജിത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് മാരായമുട്ടം പൊലീസിലും, എസ്‌പിക്കും, വനിതാ കമ്മീഷനും ഉൾപ്പെടെ പരാതി നൽകി. നാളിതുവരെ പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
എസ്ഐയുടെ അടുത്ത ബന്ധുവായതിനാലാണ് പ്രതിയെ സംരക്ഷിക്കുന്നതെന്നാണ് രക്ഷിതാക്കളുടെ പ്രധാന ആരോപണം. 65 വയസുള്ള പെൺകുട്ടിയുടെ അച്ഛനും, അർബുദ രോഗിയായ അമ്മയും, പെൺകുട്ടിയും കൂടെയാണ് സ്റ്റേഷന് മുന്നിൽ ഇതിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. അതേസമയം സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും, പ്രതിക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.