തിരുവനന്തപുരം: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യത്തിലാണ് വനം വകുപ്പിന്‍റെ 150 അംഗ സംഘം. വിജയകരമായി അത് പൂര്‍ത്തീകരിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ചൂട് കൂടുതലായതു കൊണ്ടാകാം ഇന്ന് ആനയെ കണ്ടെത്താന്‍ കഴിയാതെ പോയത്. ആനയുടെ നീക്കങ്ങളും കാലാവസ്ഥയുമെല്ലാം അനുസരിച്ചാണ് ദൗത്യം പൂര്‍ത്തിയാകുക. അതിനാല്‍ കൃത്യസമയം പറഞ്ഞ് ആനയെ പിടികൂടാന്‍ സാധിക്കില്ല. ഉടന്‍ തന്നെ ആനയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്നും മന്ത്രി പറഞ്ഞു.
'യാതൊരു സമ്മര്‍ദവുമില്ലാതെ സ്വതന്ത്രമായാണ് ദൗത്യസംഘം പ്രവര്‍ത്തിക്കുന്നത്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മാറി നിന്ന് വിമര്‍ശനമുന്നയിക്കാം. ചിന്നക്കനാലിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് വനംവകുപ്പിന്‍റെ ശ്രമം. കോടതി ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ അരിക്കൊമ്പനെ നേരത്തെ തന്നെ പിടികൂടാമായിരുന്നു. അനാവശ്യമായി ചിലര്‍ കേസിനു പോയതുകൊണ്ടാണ് ദൗത്യം നീണ്ടു പോയത്. ഇതാണ് ജനങ്ങളുടെ മനസില്‍ ആശങ്ക സൃഷ്‌ടിച്ചത്. ഇതിന് പരിഹാരം വനംവകുപ്പ് കാണുക തന്നെ ചെയ്യും', മന്ത്രി വ്യക്തമാക്കി.
നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടും ദൗത്യം നടക്കുന്ന സ്ഥലത്ത് ജനങ്ങള്‍ വലിയ രീതിയില്‍ എത്തുകയാണ്. ജനങ്ങളുടെ സാന്നിധ്യം ദൗത്യം പൂര്‍ത്തിയാക്കുന്നതിന് സഹായകരമല്ല. ഇത് എല്ലാവരും മനസിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അരിക്കൊമ്പൻ തനിച്ചല്ല സഞ്ചരിക്കുന്നത് എന്നതാണ് പ്രശ്‌നമെന്നും നിലവിൽ ആസൂത്രണം ചെയ്‌തതുപോലെ നടക്കാൻ അരിക്കൊമ്പനെ തനിച്ച് കിട്ടേണ്ടതുണ്ട്. കൂട്ടത്തിൽ നിന്ന് മാറ്റി ഈ അരിക്കൊമ്പനെ തനിച്ച് കിട്ടുന്നത് ശ്രമകരമാണ്. അങ്ങനെ തനിച്ച് കിട്ടുമ്പോൾ തന്നെ ഇരുമ്പ് പാലത്തിൽ വരെ കൊണ്ടുവരുന്നതും ശ്രമകരമാണ് എന്ന് മന്ത്രി രാവിലെ പറഞ്ഞിരുന്നു.