തിരുവനന്തപുരം: വെള്ളക്കരം വര്‍ധനവിനെ ന്യായീകരിച്ച മന്ത്രി റോഷി അഗസ്റ്റിനെ പരിഹസിച്ച് പ്രതിപക്ഷം. ബോധക്കെട്ടവന് മുഖത്ത് തളിയ്‌ക്കാന്‍ വെള്ളം എടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്ന് പിസി വിഷ്‌ണുനാഥ് പറഞ്ഞു. ബോധം കെട്ടു വീഴുന്നവന് നൽകാൻ വെള്ളത്തിന് പ്രത്യേകം കത്ത് നൽകിയാൽ പരിഗണിക്കാമെന്ന് മന്ത്രി തിരിച്ചടിച്ചു.
ഒരു ലിറ്റര്‍ കുടിവെള്ളത്തിന് ഒരു പൈസ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് റോഷി അഗസ്റ്റിന്‍ മന്ത്രി സഭയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്ഷത്തിന്‍റെ പരിഹാസം. വെള്ളക്കരം വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണെന്നും ഇതിനെതിരെ ഒരു പരാതി പോലും തനിക്ക് ഇതുവരെ ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
തുടർന്ന് ചോദ്യം ചോദിച്ച തിരുവഞ്ചൂരും വെള്ളക്കരം വര്‍ധനയെ വിമർശിച്ചു. ജനങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന തിരുവഞ്ചൂരിൻ്റെ വിമർശനത്തിന് ഇതാദ്യമായല്ല സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി. യുഡിഎഫ് ഭരണക്കാലത്തും അതുണ്ടായിട്ടുണ്ടെന്നും ആര് ഭരിക്കുന്നുവെന്നതല്ല പ്രശ്‌നം വാട്ടര്‍ അതോറിറ്റിയുടെ നിലനില്‍പ്പാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് ജലത്തിന്‍റെ ഉപയോഗത്തിനെ കുറിച്ച് അവബോധം സൃഷ്‌ടിക്കുകയാണ് സർക്കാർ ലക്ഷ്യം. ഭൂഗർഭ ജലത്തിൻ്റെ അളവ് കുറയുകയാണ്. അതിനാലാണ് ജല ഉപഭോഗം കുറയ്ക്കണമെന്ന് പറയുന്നത്. ജല ഉപയോഗം കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമല്ല നിരക്ക് വർധനയെന്നും അത് സ്വാഭാവിക സെൻസുള്ളവർക്ക് മനസിലാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.