തിരുവനന്തപുരം: ഐഎൻടിയുസി നേതാവും അഞ്ചൽ ഏരൂർ കോൺഗ്രസ് നേതാവുമായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ 12മത്തെ പ്രതിയ്ക്ക് ജാമ്യം ലഭിച്ചു. സാലി എന്ന കൊച്ചുണ്ണിക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി പ്രതി വിവിധ കേസുകളിലായി ജയിലിലാണ്.
മറ്റ് ക്രിമിനൽ കേസുകളിൽ ജാമ്യം നേടിയതോടെയാണ് പ്രതിക്ക് രണ്ടു വര്‍ഷത്തിന് ശേഷം ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ 19 പ്രതികൾക്കും കോടതി ഉപാധികളോടെ ജാമ്യം നൽകി. കേസിലെ കുറ്റപത്രം രണ്ട് വർഷം മുൻപ് സിബിഐ സമർപ്പിച്ചിരുന്നു. മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മയുടെ മുൻ പേർസണൽ സ്റ്റാഫ് അടക്കം ഇരുപത് പ്രതികളാണ് കേസിലുള്ളത്.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സിബിഐ വ്യക്തമാക്കുന്നു. കോൺഗ്രസ് പ്രവർത്തകനായ രാമഭദ്രൻ പാർട്ടിയെ പ്രചരിപ്പിക്കുകയും സിപിഎമ്മിൽ നിന്നും പ്രവർത്തകരെ കോൺഗ്രസ് പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്‌തു. ഇതാണ് രാമഭദ്രനെ കൊലപ്പെടുത്താൻ കാരണമെന്ന് സിബിഐ വ്യക്തമാക്കി.
ഗിരീഷ് കുമാർ, പത്മൻ.ജെ, അഫ്‌സൽ.ടി, നജുമൽ ഹുസൈൻ, ഷിബു, വിമൽ.വി, സുധീഷ്, ഷാൻ, രതീഷ്, ബിജു, രഞ്ജിത്, സാലി എന്ന കൊച്ചുണ്ണി, റിയാസ് എന്ന മുനീർ, ഡിവൈഎഫ്ഐ നേതാവ് റിയാസ്, മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് കുണ്ടറ സ്വദേശി മാർക്സൺ യേശുദാസ്, മുൻ സിപിഎം അഞ്ചൽ ഏരിയ സെക്രട്ടറി പി.എസ്.സുമൻ, സിപിഎം മുൻ ജില്ലാ കമ്മറ്റി അംഗം ബാബു പണിക്കർ, ജയ മോഹൻ, റോയികുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.