തിരുവനന്തപുരം : എ.എൻ ഷംസീർ നിയമസഭ സ്‌പീക്കറായി ഇന്നേക്ക് ഒരു വർഷം തികയും (A.N Shamseer completes one year). 2022 സെപ്റ്റംബർ 12 നായിരുന്നു പതിനഞ്ചാം നിയമസഭയുടെ സ്‌പീക്കറായി തലശ്ശേരി നിയോജകമണ്ഡലം എംഎൽഎ ആയി നിയമസഭയിലെത്തിയ എ.എൻ ഷംസീറിനെ തിരഞ്ഞെടുക്കുന്നത്.
നിയമസഭ പ്രവർത്തനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾക്കും ഏറെ വിമർശനങ്ങൾക്ക് കാരണമായ മാറ്റങ്ങൾക്കും ഒരു വർഷമെന്ന താരതമ്യേനെ ചെറിയ കാലയളവിൽ സ്‌പീക്കർ എന്ന നിലയിൽ എ.എൻ ഷംസീറിന് കൊണ്ട് വരാൻ കഴിഞ്ഞു. ഏറെ വിമർശനങ്ങളും ചർച്ചകൾക്കും കാരണമായ സഭ ടിവി യുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. ചരിത്രത്തില്‍ ആദ്യമായി ചെയര്‍മാന്മാരുടെ പാനലില്‍ മുഴുവനായും വനിതാ അംഗങ്ങളെ തെരഞ്ഞെടുത്തത് സ്‌പീക്കർ എ.എൻ ഷംസീറിന്‍റെ നേതൃത്വത്തിലാണ്.
കേരള നിയമസഭയിൽ ആദ്യമായി അന്താരാഷ്ട്ര പുസ്‌തകോത്സവം സംഘടിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തിരുന്നു. ആസാദി കാ അമൃത് മഹോത്സവിന്‍റെയും നിയമസഭ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തിന്‍റെയും ഭാഗമായി സംഘടിപ്പിച്ച പുസ്‌തകോത്സവത്തിനോടനുബന്ധിച്ച് നിയമസഭ മന്ദിരം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കുന്നതിനായും അദ്ദേഹം തുറന്നുകൊടുത്തിരുന്നു.
നിയമസഭ മന്ദിരത്തിന്‍റെ രജത ജൂബിലി ആഘോഷം നടത്തി. ചടങ്ങില്‍ വൈസ് പ്രസിഡന്‍റായിരുന്നു മുഖ്യാതിഥി. എം.എല്‍.എ.മാരുടെ വാസസ്ഥലമായ 51 വര്‍ഷം പഴക്കമുള്ള പമ്പാ ബ്ലോക്ക് പുനര്‍നിര്‍മാണത്തിന്‍റെ ശിലാസ്ഥാപനം നടന്നിരുന്നു. നിലവിൽ പുതിയ പമ്പ ബ്ലോക്കിന്‍റെ നിർമാണം പുരോഗതിയിലാണ്. നിയമസഭ ലൈബ്രറി പൊതുജനങ്ങള്‍ക്കു കൂടി തുറന്നുകൊടുക്കുകയും കൂടാതെ എം.എല്‍.എ.മാരുടെ അറ്റന്‍ഡന്‍സ് കാലോചിതമായി പേപ്പര്‍ലെസ് ആക്കി മാറ്റുകയും ചെയ്‌തു.
നിയമസഭ മന്ദിരവും പരിസരവും നവീകരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ഭാവിയിൽ പൊതുജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ വന്നിരിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളും ദീപാലങ്കാരവും ഒരുക്കാനുള്ള താത്പര്യവും എ.എൻ ഷംസീർ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ:തലശ്ശേരിയിൽ ഗണപതി ക്ഷേത്രത്തിന്‍റെ കുളം നവീകരിക്കാന്‍ 64 ലക്ഷം ; ഫേസ്‌ബുക്ക് പോസ്‌റ്റുമായി എഎൻ ഷംസീർ
ക്ഷേത്രത്തിന്‍റെ കുളം നവീകരിക്കാന്‍ ഭരണാനുമതി: കണ്ണൂർ തലശ്ശേരി കോടിയേരിയിലെ കാരാൽ തെരുവ് ഗണപതി ക്ഷേത്രത്തിന്‍റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. മിത്ത് വിവാദം കത്തി നിൽക്കുന്നതിനിടെ സ്‌പീക്കർ എഎൻ ഷംസീറാണ് കഴിഞ്ഞ മാസം ഫേസ്‌ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ കുളം നവീകരിക്കാൻ 64 ലക്ഷം രൂപയായിരുന്നു അനുവദിച്ചത്.
പഴമയുടെ പ്രൗഢി നിലനിർത്തി കുളം മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ മാസം ക്ഷേത്രക്കുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് ഷംസീർ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ ഗണപതി മിത്താണെന്ന ഷംസീറിന്‍റെ പരാമർശം വലിയ വിവാദങ്ങൾ സൃഷ്‌ടിക്കുകയും പരാമർശത്തിൽ എൻഎസ്‌എസ് ഷംസീറിനെതിരെ വ്യാപക പ്രതിഷേധം ഉയർത്തുകയും ചെയ്‌തിരുന്നു.
പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ പ്രതിഷേധ സൂചകമായി എൻഎസ്‌എസ് നാമജപ ഘോഷയാത്ര നടത്തിയിരുന്നു. വിഷയത്തിൽ എൻ എസ് എസിനൊപ്പം ബിജെപിയും ചേർന്ന് ഷംസീറിനെ കടന്നാക്രമിച്ചിരുന്നു.
വിവാദ പരാമർശത്തിൽ ഷംസീർ മാപ്പ് പറയണമെന്നും വിഷയത്തിൽ അടിയന്തരമായി സർക്കാർ നടപടി ഉണ്ടായില്ലെങ്കിൽ നിയമവഴി തേടുമെന്നുമായിരുന്നു എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചിരുന്നത്.