തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്‌ടറെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷനാണ് (കെജിഎംഒഎ) സംഭവത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി സ്പെഷ്യലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും.
ALSO READ: രാജ്യത്ത് 54,069 പേർക്ക് കൂടി കൊവിഡ്
രാവിലെ 10 മുതൽ 11 മണി വരെ മറ്റ് ഒപികളും നിർത്തിവക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐപി ചികിത്സ, കൊവിഡ് ചികിത്സ തുടങ്ങിയവയ്ക്ക് മുടക്കമുണ്ടാക്കില്ല. സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥയാണ്. പ്രതി പൊലീസുകാരൻ ആയതിനാലാണ് ഈ അനാസ്ഥയെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു.
നീതിക്കായി നടത്തിയ ഇടപെടലുകൾ അവഗണിക്കപ്പെട്ടതിനെ തുടർന്നാണ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും കൊവിഡ് കാലത്ത് പോലും ഇത്തരം ആക്രമണങ്ങൾ ചെറുക്കാനും നീതി നടപ്പാക്കാനും കഴിയാത്തത് നിർഭാഗ്യകരമാണെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.