തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സ്വകാര്യ വ്യക്തിയുടേത് അല്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍ കോവില്‍. വിഴിഞ്ഞത്ത് നിർമാണത്തിലുള്ളത് അദാനി പോർട്ട് അല്ല സർക്കാരിന്‍റെ പോർട്ടാണ്. ശാസ്‌ത്ര പശ്ചാത്തലമില്ലാത്ത ആരോപണങ്ങൾ തെറ്റെന്ന് തെളിഞ്ഞതായും മന്ത്രി പറഞ്ഞു. തുറമുഖ പദ്ധതിയുടെ ആവശ്യകത സംബന്ധിച്ച ഏക്‌സ്‌പെർട്ട് സമ്മിറ്റ് പരിപാടിയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
2023 സെപ്‌റ്റംബറിൽ മലയാളിക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. തുറമുഖ പദ്ധതിക്കായി മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കെണ്ടി വന്നിട്ടില്ല. പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിർമാണ പ്രവർത്തനം നടക്കുന്നത്. തീരശോഷണത്തിന് കാരണം പദ്ധതിയല്ല. ശംഖുമുഖത്തെയും കോവളത്തെയും തീരം തിരികെയെത്തിയത് ഇതിന് തെളിവാണ്. മത്സ്യലഭ്യത കുറവെന്നതും തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.